വെല്ലൂരിൽനിന്ന് വരുന്ന വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഇവിടെ തുടരേണ്ടിവന്നേക്കാം.

രാജേഷ് കേശവ് | ഫോട്ടോ: Facebook
ഹൃദയാഘാതത്തെ തുടർന്ന് വെല്ലൂരിൽ ചികിത്സയിൽകഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യവിവരം പുറത്തുവിട്ട് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂരിൽനിന്ന് വരുന്ന വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചു. കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഇവിടെ തുടരേണ്ടിവന്നേക്കാം. ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ഒക്കുപെഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തുടങ്ങിയ വിദഗ്ധ സംഘമാണ് കാര്യങ്ങൾ ഏകോപിക്കുന്നത്. അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിക്കുന്നില്ലെന്നും പ്രതാപ് പറഞ്ഞു.
പ്രതാപ് ജയലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ട രാജേഷിനെ വെല്ലൂർ CMC ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓർക്കാൻ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും.
വെല്ലൂർ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. ഇനിയുമെറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടർ പറയുന്നുണ്ട്. ന്യൂറോ, കാർഡിയോ, ജനറൽ മെഡിസിൻ, എമർജൻസി മെഡിസിൻ, ഒക്കുപെഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു combined medical team ആണ് കാര്യങ്ങൾ ഏകോപിക്കുന്നത്. ഇൻഫെക്ഷൻ സാധ്യതയുള്ളത് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നില്ല.
വെല്ലൂരിൽ എത്തിയതിനു ശേഷമുള്ള കാര്യങ്ങളിൽ ഞങ്ങളുടെ കൂടെ നിൽക്കുന്ന ഡോ. രാജി തോമസിനോടും, ഡോ തോമസ് മാത്യുവിനോടും (അദ്ദേഹത്തിന്റെ ഡിപ്പാർട്മെന്റ് അല്ലെങ്കിൽ പോലും) പ്രത്യേക നന്ദി.. ഒപ്പം എന്തിനും കൂടെ നിൽക്കുന്ന Pretty Thomas, പ്രിയയോടും, Shemim Sajitha Subair, മാർത്തോമാ സെന്ററിലെ ജെറി അച്ചനോടും, ഷാജിച്ചായനോടും, CSI ഗൈഡൻസ് സെന്ററിലെ വിജു അച്ചനോടും, എന്നും കാര്യങ്ങൾ തിരക്കി എത്തുന്ന മഞ്ജു ഫെർണാണ്ടസിനോടും തീർത്താൽ തീരാത്ത കടപ്പാട്. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജൻ രൂപേഷും ഇപ്പോഴും ആശുപത്രിയിൽ ഒപ്പമുണ്ട്.. കൂടെ വെല്ലൂർ ആശുപത്രിയിലെ സ്നേഹവും കരുതലുമുള്ള നഴ്സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും..
രാജേഷിനെ സ്നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങൾ കേൾപ്പിക്കുന്ന കാര്യം ഞാൻ മുൻപ് എഴുതിയിരുന്നു... അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.. ഇഷ്ടമുള്ള കാര്യങ്ങൾ തുടർച്ചയായി കേൾപ്പിക്കുവാൻ ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്രതേകിച്ചു SRK songs, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും, പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ് notes, ( ഗോകുലം കൃഷ്ണ മൂർത്തിയ്ക്കു Krishnamoorthy S R പ്രത്യേക നന്ദി) അവൻ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകൾ ഒക്കെ കാണിക്കുകയും, കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചെറിയ രീതിയിലുള്ള റെസ്പോൺസ് പോലും രാജേഷിന്റെ ചികിത്സാരീതികളിൽ വളരെ പ്രധാനമാണ് എന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഞങ്ങൾക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്.. ഞങ്ങൾ എല്ലാം അറിയിക്കുന്നുമുണ്ട്. കൂടുതൽ ശുഭ വാർത്തകൾക്കായി കാത്തിരിക്കുക.. രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനയും സ്നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി...
ഈ മാസം ആദ്യമാണ് ഒരു പരിപാടിക്കിടെ രാജേഷ് കേശവ് കുഴഞ്ഞുവീണത്. രാജേഷിനെ ഉടന്‍ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ ഹൃദയാഘാതമുണ്ടായി. ആശുപത്രിയില്‍ എത്തിച്ച് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അടുത്തിടെയാണ് വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് മാറ്റിയത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടേയും ടോക് ഷോകളിലൂടേയും അവതാരകനായാണ് രാജേഷ് ശ്രദ്ധനേടിയത്. പിന്നീട് വിവിധ സിനിമകളില്‍ അഭിനയിച്ചു. 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്', 'ഹോട്ടല്‍ കാലിഫോര്‍ണിയ', 'നീന', 'തട്ടുംപുറത്ത് അച്യുതന്‍' എന്നിവയടക്കം ഒട്ടേറെ ചിത്രങ്ങളില്‍ രാജേഷ് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Update on actor and presenter Rajesh Keshav`s health from Vellore. Friends share hopeful news about his recovery. He is undergoing treatment at CMC Vellore. Visitors are not allowed due to infection risk.
Published: 30 Sept 2025, 10:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented