മത്സരത്തിന്റെ ആറാം ഇന്നിംഗ്സിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുത്തത്. സൈയുടെ കൺസേർട്ടിൽ നിന്നുള്ള പുക സ്റ്റേഡിയത്തിലേക്ക് പടരുകയും കളിസ്ഥലത്തെ കാഴ്ചയെ പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തു.

ദക്ഷിണ കൊറിയൻ ഗായകൻ സൈയുടെ 'സമ്മർ സ്വാഗ്' (Summer Swag) സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ട് മൂലം സമീപത്ത് നടന്നിരുന്ന പ്രൊഫഷണൽ ബേസ്ബോൾ മത്സരം തടസ്സപ്പെട്ടു. ശനിയാഴ്ച ബുസാനിലാണ് ഈ സംഭവം നടന്നത്. സംഗീത നിശയിലെ വെടിക്കെട്ടിൽ നിന്നുള്ള പുക ബേസ്ബോൾ കോർട്ടിലേക്ക് പടരുകയും ഒന്നും കാണാനാവാത്ത സാഹചര്യം വന്നതോടെയുമാണ് മത്സരം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നത്. 'ഗന്നം' സ്റ്റൈൽ ഗാനത്തിലൂടെ ലോക പ്രശസ്തനായ ഗായകനാണ് സൈ.
ബുസാൻ ഏഷ്യാഡ് മെയിൻ സ്റ്റേഡിയത്തിലാണ് സൈയുടെ സംഗീതപരിപാടി അരങ്ങേറിയത്. ഇതിനടുത്തുള്ള സജിക് ബേസ്ബോൾ സ്റ്റേഡിയത്തിൽ കെ.ബി.ഒ ലീഗിൽ എൻ.സി ഡൈനോസും ലോട്ട് ജയന്റ്സും തമ്മിലുള്ള മത്സരമാണ് നടന്നിരുന്നത്. സൈയുടെ കൺസേർട്ട് നടക്കുന്ന വേദിയും ബേസ്ബോൾ സ്റ്റേഡിയവും തമ്മിൽ ഏകദേശം 10 മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ.
മത്സരത്തിന്റെ ആറാം ഇന്നിംഗ്സിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുത്തത്. സൈയുടെ കൺസേർട്ടിൽ നിന്നുള്ള പുക സ്റ്റേഡിയത്തിലേക്ക് പടരുകയും കളിസ്ഥലത്തെ കാഴ്ചയെ പൂർണ്ണമായി തടസ്സപ്പെടുത്തുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം വെടിക്കെട്ട് നീണ്ടുനിന്നു. പുക നിറഞ്ഞതോടെ കളിക്കാർക്ക് പന്ത് കൃത്യമായി കാണാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് രാത്രി 8:42 ഓടെ അമ്പയർമാർ കളി നിർത്തിവെക്കാൻ തീരുമാനിച്ചു. പിന്നീട് രാത്രി 9:01 ന് കളി പുനരാരംഭിച്ചു. ഏകദേശം 19 മിനിറ്റാണ് മത്സരം തടസ്സപ്പെട്ടത്.
സൈയുടെ കൺസേർട്ടിലെ വെടിക്കെട്ട് കാരണം സജിക് സ്റ്റേഡിയത്തിലെ മത്സരം തടസ്സപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് 16-നും സമാനമായ രീതിയിൽ ലോട്ട് ജയന്റ്സും സാംസങ് ലയൺസും തമ്മിലുള്ള മത്സരം സൈയുടെ വെടിക്കെട്ട് പുക കാരണം തടസ്സപ്പെട്ടിരുന്നു. ജലപീരങ്കികളും വെടിക്കെട്ടും ഉൾപ്പെടെയുള്ള വലിയ സജ്ജീകരണങ്ങളോടെയാണ് സൈയുടെ സമ്മർ സ്വാഗ് കൺസേർട്ടുകൾ നടത്തപ്പെടുന്നത്. മുൻവർഷങ്ങളിൽ ഈ പരിപാടി കടുത്ത വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. 2022-ൽ കൊറിയയിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്ന സമയത്ത് ഓരോ ഷോയ്ക്കും ഏകദേശം 300 ടൺ കുടിവെള്ളം ഉപയോഗിച്ചത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.
ബുസാൻ ഏഷ്യാഡ് സ്റ്റേഡിയത്തിൽ മറ്റ് വൻകിട സംഗീത പരിപാടികൾ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും ബേസ്ബോൾ മത്സരങ്ങളെ ഇത്തരത്തിൽ ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വർഷം ജൂണിൽ ലോകപ്രശസ്ത ബാൻഡായ ബി.ടി.എസ് (BTS) നടത്തിയ സംഗീത പരിപാടിയും ജൂൺ അവസാന വാരം നടന്ന ബുസാൻ വൺ ഏഷ്യ ഫെസ്റ്റിവലും യാതൊരുവിധ തടസ്സങ്ങളുമില്ലാതെയാണ് പൂർത്തിയായത്. എന്നിരുന്നാലും, സൈയുടെ കൺസേർട്ടുകൾ കായിക പ്രേമികൾക്ക് താൽക്കാലിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് തുടരുകയാണ്.
Content Highlights: K-pop star Psy's 'Summer Swag' concert fireworks in Busan generated dense smoke that drifted into the nearby Sajik Baseball Stadium, forcing umpires to halt a live KBO League match for 19 minutes due to poor visibility.
Published: 19 Aug 2026, 03:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented