സോൾ: ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള ദക്ഷിണകൊറിയൻ പോപ്പ് ബാൻഡ് ബി.ടി.എസ്. നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും അരങ്ങിലെത്തുന്നു. തിരിച്ചുവരവിന്റെ ഭാഗമായുള്ള ആദ്യസംഗീതപരിപാടി മാർച്ച് 21-ന് സോളിൽ നടക്കും. പതിവായി ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിക്കാറുള്ള ബി.ടി.എസിന്റെ പുതിയ ആൽബം ഈ പരിപാടിയിൽ പുറത്തിറക്കും. ഏപ്രിലിലാണ് ബാൻഡ് ആൽബവുമായി ലോകപര്യടനം ആരംഭിക്കുന്നത്.

To advertise here,

ആരാധകർക്ക് സൗജന്യപ്രവേശനമുള്ള പരിപാടിയിൽ 2.6 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് ദക്ഷിണകൊറിയൻ ആഭ്യന്തരമന്ത്രാലയം കണക്കാക്കുന്നത്. 2002-ൽ നടന്ന ലോകകപ്പ് ഫുട്‌ബോളിനുശേഷം ദക്ഷിണകൊറിയയിൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന പരിപാടിയാകുമിത്. ഗ്വാൻഘ് വാമുൻ ചത്വരത്തിൽനിന്ന് സിറ്റി ഹാൾവരെ നീണ്ടുകിടക്കുന്ന സോളിന്റെ ഹൃദയഭാഗത്ത് ഒരുമണിക്കൂറാണ് പരിപാടി. നെറ്റ്ഫ്ളിക്സ് ഇത് 190 രാജ്യങ്ങളിൽ തത്സമയം സംപ്രേഷണംചെയ്യും. സുരക്ഷകണക്കിലെടുത്തും തിരക്ക് നിയന്ത്രിക്കുന്നതിനുമായും 4800 പോലീസുകാരെ വിന്യസിക്കും.

2013-ലാണ് ഏഴംഗ ബോയ് മ്യൂസിക് ബാൻഡായ ബി.ടി.എസിന്റെ പിറവി. വ്യക്തിഗത പ്രോജക്ടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ദക്ഷിണകൊറിയയിലെ നിർബന്ധിതസൈനികസേവനം പൂർത്തിയാക്കുന്നതിനുമായി 2022 ജൂണിൽ അംഗങ്ങൾ തത്കാലത്തേക്ക് പിരിയുകയായിരുന്നു. ആർ.എം., ജിൻ, സൂഗ, ജെ-ഹോപ്പ്, ജിമിൻ, വി, ഗംഗ്കുക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ബി.ടി.എസ്. ആരാധകർ ബി.ടി.എസ്. ആർമി എന്നാണറിയപ്പെടുന്നത്.