പത്തും നൂറുമല്ല അറൂന്നൂറുകോടി കാഴ്ചക്കാരെന്ന അപൂർവ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഗന്നം സ്റ്റൈൽ എന്ന ഗാനം. കെ പോപ്പ് തരംഗത്തിനും വർഷങ്ങൾക്ക് മുൻപേയെത്തി ആഗോള സംഗീത രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗാനമാണ് ദക്ഷിണകൊറിയൻ ഗായകൻ പാർക്ക് ജേ സാങ്ങിന്റെ ഗന്നം സ്റ്റൈൽ. 2012 ജൂലൈ 15-നാണ് ഗന്നം സ്റ്റൈൽ പുറത്തിറങ്ങിയത്. 14 വർഷങ്ങൾക്കിപ്പുറവും ഈ ഗാനത്തിന്റെ പോപ്പുലാരിറ്റിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല.

To advertise here,

2023 ഡിസംബറിൽ 500 കോടി വ്യൂസ് പൂർത്തിയാക്കിയ വീഡിയോ, വെറും രണ്ടര വർഷത്തിനുള്ളിലാണ് പുതിയ 100 കോടി കാഴ്ചക്കാരെക്കൂടി സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ കെ-പോപ്പ് മ്യൂസിക് വീഡിയോ എന്ന ബഹുമതിയും ഇതോടെ ഗന്നം സ്‌റ്റൈലിന് സ്വന്തമായി.

യൂട്യൂബിൽ നിന്നും മറ്റ് സംഗീത സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നും കോടികളുടെ വരുമാനമാണ് ഈ ഒറ്റ ഗാനത്തിലൂടെ സൈയും അദ്ദേഹത്തിന്റെ മുൻ മാനേജ്മെന്റ് ഏജൻസിയും നേടിയത്. 1.2 ബില്യൺ വ്യൂ നേടിയ സമയത്ത് മ്യൂസിക് വീഡിയോയിൽ നിന്നുള്ള പരസ്യ വരുമാനം, ഡിജിറ്റൽ സ്ട്രീമിങ് റോയൽറ്റി എന്നിവ വഴി മാത്രം ഏകദേശം 8.1 മില്യൺ യു.എസ് ഡോളർ (ഏകദേശം 67 കോടിയിലധികം ഇന്ത്യൻ രൂപ) ഈ ഗാനം നേടിയിട്ടുണ്ടെന്നാണ് കൊറിയൻ മാധ്യമങ്ങളും വിപണി വിദഗ്ധരും വ്യക്തമാക്കുന്നത്. കരാർ അനുസരിച്ച് ഇതിന്റെ വലിയൊരു വിഹിതം സൈയ്ക്ക് നേരിട്ട് ലഭിച്ചു. ഇതിനുപുറമേ, ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള പരസ്യ ഓഫറുകൾ, ഗ്ലോബൽ ടൂറുകൾ, ടെലിവിഷൻ ഷോകൾ എന്നിവയിലൂടെയും ശതകോടികളുടെ വരുമാനമാണ് സൈ സ്വന്തമാക്കിയത്.

1,000 വ്യൂവിന് 1-3 ഡോളർ എന്ന നിലയിലാണ് സാധാരണ മ്യൂസിക് ആർപിഎം നിരക്കുകൾ. ഇപ്പോഴുള്ളത് 6.03 ബില്യൺ വ്യൂസ് ആണ്. നേരത്തേ പറഞ്ഞ കണക്കുകൾ പ്രകാരം നോക്കുകയാണെങ്കിൽ പരസ്യങ്ങളിൽ നിന്ന് മാത്രം ദശലക്ഷക്കണക്കിന് ഡോളർ ഉടമകൾ സമ്പാദിച്ചിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ പാരഡികളിൽ നിന്നും കവറുകളിൽ നിന്നുമുള്ള അധിക കണ്ടന്റ് ഐഡി വരുമാനവും.

കൊറിയൻ തരംഗത്തിന് ആഗോളതലത്തിൽ വഴിമരുന്നിട്ടത് ഗന്നം സ്‌റ്റൈലാണ്. നിരവധി പുരസ്‌കാരങ്ങൾ ഗായകൻ സൈയെ തേടിവന്നിരുന്നു.

കുതിരസവാരിയെ അനുസ്മരിപ്പിക്കുന്ന വിചിത്രമായ നൃത്തച്ചുവടുകളും, സോളിലെ സമ്പന്ന മേഖലയായ 'ഗന്നം' നിവാസികളുടെ ജീവിതരീതിയെ പരിഹസിക്കുന്ന വരികളുമായിരുന്നു പാട്ടിന്റെ പ്രധാന സവിശേഷത. സൈയുടെ സ്വന്തം ഏജൻസിയായ 'പി നേഷൻ' ആണ് പുതിയ നേട്ടം പുറത്തുവിട്ടത്.