
തിരുവനന്തപുരം : മെരിലാൻഡ് സുബ്രഹ്മണ്യം എന്ന മലയാള സിനിമയിലെ പ്രമുഖ നിർമാതാവ് 1975 ൽ നിർമിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ ചരിത്രവിജയമായിരുന്നു. അതിന്റെ ലാഭം മുഴുവൻ അദ്ദേഹം വിനിയോഗിച്ചത് ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിന്റെ നിർമാണത്തിനായിരുന്നു. ഭക്തരും ട്രാക്ടറും ഇന്ന് മലകയറുന്ന ആ റോഡിന്റെ പിന്നിലെ ശില്പിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച എസ്.കുമാർ. അതിനൊപ്പം അച്ഛൻ തെളിച്ച സിനിമയുടെ രാജപാതയിൽ സഞ്ചരിക്കാനും തലസ്ഥാനത്തെ പഴക്കമേറിയ തിയേറ്ററുകളുടെ പാരമ്പര്യം നിലനിർത്താനും അദ്ദേഹം ശ്രമിച്ചു.
1976 ൽ സ്വാമി അയ്യപ്പൻ റോഡിന്റെ നിർമാണ വേളയിൽ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് എസ്.കുമാർ മാതൃഭൂമിയുടെ 'ശരണ കീർത്തനത്തിൽ' കുറിച്ചിട്ടുണ്ട്. പി.സുബ്രഹ്മണ്യം റിലീജിയസ് ട്രസ്റ്റിന്റെ പേരിലാണ് റോഡ് നിർമിച്ചത്. ഇന്നത്തെ പോലെ സീസണിൽ അധികം തിരക്കില്ലായിരുന്നെങ്കിലും സീസൺ കാലം ഒഴിവാക്കിയാണ് റോഡ് നിർമാണം നടത്തിയത്.
കാട് വെട്ടിത്തെളിച്ച് കുത്തനെ റോഡ് നിർമിക്കുന്ന വേളയിൽ മൂന്ന് കാട്ടാനകൾ എതിരെ വിരട്ടാൻ വന്നു. ജീപ്പിലായിരുന്ന എസ്.കുമാറും സംഘവും വാഹനം ഏറെ ദൂരം പിന്നോട്ടെടുത്താണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്വന്തം പണം ചെലവിട്ട് ഭക്തർക്കായി റോഡ് നിർമാണത്തിനായി പുറപ്പെട്ടപ്പോൾ ഔദ്യോഗിക തലത്തിൽ നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം അന്ന് പങ്കുവച്ചിരുന്നു. ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയ്ക്ക് തുല്യമായിരുന്നു അക്കാലത്ത് നേമത്തെ മെരിലാൻഡ് സ്റ്റുഡിയോ.
Read More : സിനിമാ നിർമാതാവ് എസ്. കുമാർ അന്തരിച്ചു
പി.സുബ്രഹ്മണ്യത്തിന്റെ മൂത്ത മകനായ എസ്.കുമാർ (സുബ്രഹ്മണ്യം കുമാർ) ബി.കോം ബിരുദം നേടിയശേഷം 1951 ൽ തുടക്കത്തിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ മാനേജറും പിന്നീട് മാനേജറുമായി. പിന്നീട് ചലച്ചിത്ര വിതരണ സ്ഥാപനമായ കുമാരസ്വാമി ആൻഡ് കമ്പനിയുടെ പാർട്ണറും ക്രിട്ടിക്‌സ് സിനിമാ വാരികയുടെ പത്രാധിപരുമായിരുന്നു. അച്ഛന്റെ പാരമ്പര്യ സിനിമാ ശൈലിയിൽ നിന്നു മാറി പുതിയ സിനിമകൾ നിർമിക്കാനാണ് എസ്.കുമാർ ശ്രമിച്ചത്. ശബരിമല ശ്രീ അയ്യപ്പൻ, തെലുങ്കിൽ നിന്ന് ഡബ് ചെയ്ത ശബരിമലയിൽ തങ്കസൂര്യോദയം തുടങ്ങി വൈദ്യശാസ്ത്ര മേഖലയിൽ അക്കാലത്ത് ശ്രദ്ധേയമായ സിനിമകളും അവയിലുൾപ്പെടും.
ശ്രീകുമാരൻ തമ്പി (വേനലിൽ ഒരു മഴ, പുതിയ വെളിച്ചം), ബാലചന്ദ്രമേനോൻ (കിലുകിലുക്കം), പി.ജി. വിശ്വംഭരൻ (ഇത് ഞങ്ങളുടെ കഥ), എൻ.ശങ്കരൻനായർ (ഭാര്യ ഒരു ദേവത), പി.ചന്ദ്രകുമാർ (കാനനസുന്ദരി) തുടങ്ങി അക്കാലത്തെ പ്രമുഖ സംവിധായകരെല്ലാം അദ്ദേഹം നിർമിച്ച സിനിമകളിൽ പങ്കാളിയായി. പിന്നീട് സീരിയൽ നിർമാണത്തിലേക്ക് തിരിഞ്ഞ എസ്.കുമാർ സ്വന്തം, കുടുംബവിളക്ക് തുടങ്ങിയ ജനപ്രിയ സീരിയലുകളും ചാനലുകൾക്കു വേണ്ടി നിർമിച്ചു. ഭക്തഹനുമാൻ, അമ്മേ ഭഗവതി, ശ്രീ അയ്യപ്പൻ തുടങ്ങിയവ അച്ഛന്റെ പാത പിന്തുടർന്ന് നിർമിച്ച ഭക്തിചിത്രങ്ങളാണ്. ചലച്ചിത്ര വിതരണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.
തമ്പാനൂരിലെ ന്യൂതിയേറ്റർ, ശ്രീകുമാർ, ശ്രീവിശാഖ്, കിഴക്കേക്കോട്ടയിലെ ശ്രീപദ്മനാഭ എന്നീ തിയേറ്ററുകൾ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് മെരിലാന്റ് സുബ്രഹ്മണ്യം സ്ഥാപിച്ചവയായിരുന്നു. അതിന്റെ ഡയറക്ടർ സ്ഥാനത്തിരുന്ന എസ്.കുമാർ അവയുടെ നടത്തിപ്പ് പാരമ്പര്യമെന്ന വാക്കിന്റെ പര്യായമാക്കി കാട്ടി. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപത്താണ് മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ വേരുകളുള്ളത്.
വേളിമല കുമാരസ്വാമിയുടെ കടുത്ത ഭക്തനായിരുന്ന അദ്ദേഹം മെരിലാൻഡിന്റെ ലോഗോയിൽ ഭൂഗോളത്തിന് മുകളിൽ മയിലിന്റെ പുറത്ത് വേലേന്തി നിൽക്കുന്ന മുരുകനെയാണ് പ്രതിഷ്ഠിച്ചത്. മൂത്തമകനായ സുബ്രഹ്മണ്യം കുമാറിൽ തുടങ്ങി എസ്.കാർത്തികേയൻ, എസ്.മുരുകൻ എന്ന് ഇഷ്ടദൈവത്തിന്റെ നാമമാണ് അദ്ദേഹം മക്കൾക്ക് നൽകിയത്.
തമ്പാനൂരിലെ തിയേറ്ററുകൾക്ക് മുന്നിലും ഇഷ്ടദേവന്റെ പ്രതിഷ്ഠ ഇപ്പോഴും കാണാം. സിനിമയിലും ജീവിതത്തിലുമെന്ന പോലെ ഭക്തിയിലും എസ്.കുമാർ പിതൃദേവനെ ആരാധിച്ചിരുന്നു.
Content Highlights : Producer S Kumar merryland Studio
Published: 07 Dec 2020, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented