ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയ്ക്ക് ട്വിറ്ററിൽ അയച്ച ആദ്യ സ്വകാര്യ സന്ദേശം വെളിപ്പെടുത്തി ഗായകനും നടനുമായ നിക്ക് ജോനാസ്. 'ഹേയ് ജോനാസ്' പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തിന്റെ ഓർമകൾ പങ്കുവെച്ചത്.

To advertise here,

പ്രിയങ്ക ആദ്യമായി പോഡ്കാസ്റ്റിൽ അതിഥിയായെത്തിയ എപ്പിസോഡിൽ നിക്കിന്റെ സഹോദരങ്ങളായ ജോ ജോനാസും കെവിൻ ജോനാസും ഇരുവരും തമ്മിലുള്ള ആദ്യ ട്വിറ്റർ സംഭാഷണം വായിച്ചുകേൾപ്പിച്ചു. സന്ദേശങ്ങൾ കേൾക്കുന്നതിനിടെ നിക്കും പ്രിയങ്കയും കൈകോർത്തിരുന്നു ചിരിച്ചും നാണിച്ചും പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. ഡേറ്റിങ് ആരംഭിക്കുന്നതിന്റെ ഏകദേശം ഒന്നര വർഷം മുമ്പാണ് സന്ദേശങ്ങൾ കൈമാറിയത്.

സഹോദരൻ കെവിൻ പ്രിയങ്കയുടെ 'ക്വാണ്ടിക്കോ' പരമ്പരയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പ്രിയങ്കയെ ശ്രദ്ധിച്ചതെന്ന് നിക്ക് പറഞ്ഞു. പരമ്പര കണ്ടിട്ടില്ലെന്ന് പറഞ്ഞ നിക്ക്, തൊട്ടുപിന്നാലെ ക്വാണ്ടിക്കോയുടെ പരസ്യബോർഡിൽ പ്രിയങ്കയെ കണ്ടതായും തുടർന്ന് ട്വിറ്ററിൽ സന്ദേശം അയക്കുകയുമായിരുന്നു.

'ഹലോ, നമ്മൾ തമ്മിൽ കാണണമെന്ന് കുറച്ചുപേർ എന്നോട് പറഞ്ഞു. ഞാനും അതിനോട് യോജിക്കുന്നു. നിങ്ങൾ അടുത്തെങ്ങാനും ലോസ് ആഞ്ജലിസിൽ വരുന്നുണ്ടോ?', എന്നായിരുന്നു നിക്കിന്റെ ആദ്യ സന്ദേശം. 'ഗ്രഹാം നിങ്ങളെക്കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ട്. നമുക്ക് ടെക്സ്റ്റ് ചെയ്യാം. അത് കൂടുതൽ സ്വകാര്യമായിരിക്കും. ഈ അക്കൗണ്ട് എന്റെ ടീമിനും കാണാൻ കഴിയും', എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

സന്ദേശങ്ങൾ വായിച്ചുകേൾപ്പിക്കുമ്പോൾ ഇരുവരും നാണത്തോടെ ചിരിക്കുകയായിരുന്നു. ജോയും കെവിനും സംഭാഷണം നാടകീയമായി അവതരിപ്പിച്ചതും പോഡ്കാസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്നായി മാറി.

2018 മേയിലാണ് ഇരുവരും പ്രണയത്തിലായത്. അതേ വർഷം ഡിസംബറിൽ വിവാഹിതരായ ദമ്പതികൾക്ക് മാൾട്ടി മേരി ചോപ്ര ജോനാസ് എന്ന മകളുണ്ട്. ഇപ്പോൾ നാല് വയസ്സാണ് മാൾട്ടിക്ക്.

അടുത്തിടെ വിംബിൾഡൺ വനിതാ സിംഗിൾസ് സെമിഫൈനൽ മത്സരം കാണാൻ പ്രിയങ്ക എത്തിയിരുന്നു. സെന്റർ കോർട്ടിലെ മുൻനിരയിലെ സീറ്റിലിരുന്ന് നിക്കിന് ഫേസ്ടൈം കോൾ ചെയ്ത് മത്സരം കാണിച്ച ദൃശ്യങ്ങൾ വൈറലായിരുന്നു.