
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യാനിരുന്ന 'ഹേരാ ഫേരി 3' വീണ്ടും നിയമപ്രശ്‌നങ്ങളിലേക്ക്. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും തങ്ങൾക്കാണെന്ന് വ്യക്തമാക്കി നടൻ അക്ഷയ് കുമാറിന്റെ നിർമാണ കമ്പനിയായ 'കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എൽഎൽപി' നോട്ടീസ് പുറപ്പെടുവിച്ചു. ട്രേഡ് മാഗസിനായ 'കംപ്ലീറ്റ് സിനിമ'യുടെ ജൂലൈ 4-ന് പുറത്തിറങ്ങിയ പതിപ്പിലാണ് കമ്പനി നോട്ടീസ് പ്രസിദ്ധീകരിച്ചത്.
കമ്പനിയുടെ അനുമതിയില്ലാതെ 'ഹേരാ ഫേരി 3' ചിത്രത്തിന്മേൽ അവകാശവാദം ഉന്നയിക്കുന്ന മറ്റ് മൂന്നാം കക്ഷികളുമായി യാതൊരുവിധ കരാറുകളിലും ഏർപ്പെടരുതെന്ന് ചലച്ചിത്ര രംഗത്തുള്ളവർക്കും മറ്റ് ബിസിനസ് സ്ഥാപനങ്ങൾക്കും നോട്ടീസിൽ മുന്നറിയിപ്പുണ്ട്. വിതരണക്കാർ, തിയേറ്റർ ശൃംഖലകൾ, ഒടിടി- സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പരസ്യദാതാക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ടവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോട്ടീസ്.
' ചിത്രത്തിന്മേൽ കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എൽഎൽപിക്കുള്ള അവകാശങ്ങളെ എല്ലാ വ്യക്തികളും സ്ഥാപനങ്ങളും അംഗീകരിക്കണം. ചിത്രവുമായി ബന്ധപ്പെട്ട് അവകാശവാദം ഉന്നയിക്കുന്ന ഏതെങ്കിലും മൂന്നാം കക്ഷിയുമായി യാതൊരുവിധ ഇടപാടുകളോ ചർച്ചകളോ കരാറുകളോ നടത്തരുതെന്ന് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു,' എന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കൂടാതെ, നോട്ടീസിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.
'ഹേരാ ഫേരി 3' ചിത്രത്തെക്കുറിച്ച് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം. ചിത്രം സംവിധാനം ചെയ്യുന്നതിൽനിന്ന് താൻ പിന്മാറുകയാണെന്ന് പ്രിയദർശൻ പ്രഖ്യാപിച്ചിരുന്നു. നിർമാതാവ് ഫിറോസ് നദിയദ്‌വാലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച പ്രിയദർശൻ, ചർച്ചകൾക്കിടയിൽ താൻ പലതവണ അപമാനിക്കപ്പെട്ടതായും വെളിപ്പെടുത്തിയിരുന്നു. താനാണ് ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫ്രാഞ്ചൈസികളിൽ ഒന്നായി ഇത് മാറുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
'നിങ്ങൾക്ക് ഹേരാ ഫേരി 3 നിർമിക്കാനുള്ള അവകാശമുണ്ട്, എന്നാൽ പ്രിയദർശനെ വെച്ച് ഒരിക്കലും അത് ചെയ്യരുത്. അത് മാത്രമാണ് എന്റെ ഏക അഭ്യർഥന', എന്ന് ഫിറോസ് അക്ഷയ് കുമാറിനോട് പറഞ്ഞതായി പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. 'ഞാൻ അക്ഷയ്‌യോടൊപ്പം മൂന്നാം ഭാഗം ചെയ്യാൻ സമ്മതിച്ചത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നാക്കി മാറ്റാൻ കഴിയുമെന്ന് കരുതിയതുകൊണ്ടാണ്. ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ 'ധുരന്ധറിനേക്കാൾ' വലിയ വിജയമാക്കി മാറ്റാൻ കഴിയുമായിരുന്നു', പ്രിയദർശൻ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.
പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് റാവൽ എന്നിവർ വീണ്ടും ഒന്നിക്കാനിരുന്ന ചിത്രമായിരുന്നു 'ഹേരാ ഫേരി 3'. എന്നാൽ, ചിത്രം പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. 2025 മേയിൽ നടൻ പരേഷ് റാവൽ ചിത്രത്തിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇത് പരേഷ് റാവലും അക്ഷയ് കുമാറും തമ്മിൽ നിയമപ്രശ്‌നങ്ങൾക്കിടയാക്കി. പിന്നീട് ഇരുവരും ഒത്തുതീർപ്പിലെത്തി. ചിത്രത്തിലേക്ക് മടങ്ങിവരുന്നതായി പരേഷ് റാവൽ വ്യക്തമാക്കിയിരുന്നു.
ഒന്നാം ഭാഗമായ ഹേരാ ഫേരി നിർമിച്ചത് എ.ജി. നദിയദ്‌വാലയായിരുന്നു. മലയാളത്തിലെ സിദ്ധിഖ്- ലാൽ ചിത്രം രാംജി റാവു സ്പീക്കിങ്ങിന്റെ ബോളിവുഡ് റീമേക്ക് ആയിരുന്നു ചിത്രം. രണ്ടാംഭാഗം ഫിറോസ് നദിയദ്‌വാലയുടെ നിർമാണത്തിൽ നീരജ് വോറയായിരുന്നു സംവിധാനം ചെയ്തത്. അക്ഷയ് കുമാറിന്റെ നിർമാണത്തിൽ പ്രിയദർശൻ വീണ്ടും ഫ്രാഞ്ചൈസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങവെയാണ് ചിത്രം പല തവണ നിയമക്കുരുക്കിൽപ്പെട്ടത്. പിന്നാലെ സംവിധായകൻ പിന്മാറുന്നതായി പ്രഖ്യാപിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
Content Highlights: Actor Akshay Kumar's production house, Cape of Good Films LLP, has issued a public notice claiming absolute rights over the upcoming movie 'Hera Pheri 3'. The notice warns all industry stakeholders, including OTT platforms, distributors, and TV channels, against entering into any contracts with third parties regarding the film. This legal dispute arises amid ongoing turbulence, following director Priyadarshan's recent exit from the project due to a fallout with producer Firoz Nadiadwala. Priyadarshan expressed disappointment, stating that the film could have become one of India's biggest franchises had he directed it without interference. The franchise, which began as a Hindi remake of the Malayalam classic 'Ramji Rao Speaking', has faced multiple setbacks, including temporary casting disputes involving Paresh Rawal
Published: 05 Jul 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented