തെലുങ്കിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭ എന്ന കിടിലൻ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പ്രിയങ്കാ ചോപ്രയാണ് നായിക. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു, പ്രിയങ്കാ ചോപ്ര തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

To advertise here,

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിര്‍മ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടര്‍. 'എസ്എസ്എംബി29' എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്.

'ഞാന്‍ ഇന്നുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണമായ കഥാപാത്രമാണ് കുംഭ' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം, തയ്യാറായിരിക്കൂ എന്ന് മഹേഷ് ബാബുവിനോടും ഗെയിം തുടങ്ങിയെന്ന് പ്രിയങ്കാ ചോപ്രയോടും പൃഥ്വി പോസ്റ്റില്‍ പറയുന്നു. തന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ലോകമുണ്ടാക്കിയതിന് രാജമൗലിയോട് നന്ദി പറയുന്നതായും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും ദുഷ്ടനും ക്രൂരനും കരുത്തനുമായ വില്ലനായ കുംഭയെ അവതരിപ്പിക്കുന്നു എന്നാണ് രാജമൗലി ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം കുറിച്ചത്. 'ആദ്യഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ പൃഥ്വിരാജിന്റെയടുത്തേക്ക് പോയി ഞാന്‍ പറഞ്ഞു, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടന്മാരിലൊരാളാണ് താങ്കളെന്ന്. ദുഷ്ടനും ക്രൂരനും ശക്തനുമായ വില്ലന്‍ കുഭയ്ക്ക് ജീവന്‍ നല്‍കിയത് സര്‍ഗാത്മകമായി വളരെ സംതൃപ്തിയേകിയ കാര്യമാണ്.' -രാജമൗലി കുറിച്ചു. 

എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജിന്റെ കുംഭ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് മുന്നോട്ടു കൊണ്ടുപോകുന്നു. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ആര്‍ആര്‍ആറിന് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ഇത്.

ഈ മാസം 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രസ്തുത ചടങ്ങില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. പിആര്‍ഒ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.