ദീപികാ പദുക്കോണിന്റെ പിന്മാറ്റത്തിന്റെ അലയൊലികൾ തീരുംമുമ്പേ സന്ദീപ് റെഡ്ഡി വാങ്ക- പ്രഭാസ് ചിത്രം 'സ്പിരിറ്റി'ൽനിന്ന് മറ്റൊരു കൊഴിഞ്ഞുപോക്കിന്റെ വാർത്തകൂടി. നടൻ പ്രകാശ് രാജ് ചിത്രത്തിൽനിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംവിധായകനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. ചിത്രത്തിന്റെ ലോഞ്ച് വീഡിയോയിലെ പ്രകാശ് രാജിന്റെ ശബ്ദം വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ്, ഹൈദരാബാദിൽ ഷൂട്ടിങ് തുടരുന്ന ചിത്രത്തിൽനിന്ന് പ്രകാശ് രാജ് പിന്മാറിയതെന്നാണ് റിപ്പോർട്ട്.

സ്‌ക്രിപ്റ്റിനെക്കുറിച്ചും ഒരുപ്രത്യേക സീനിനെച്ചൊല്ലിയും നടനും സംവിധായകനും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെ നടൻ പിന്മാറുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ചില അവസരങ്ങളിലെ നടൻ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറപ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.

പ്രകാശ് രാജിനെ ഉൾപ്പെടുത്തി ഏതാനും സീനുകളുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇവ ഒഴിവാക്കി പൂർണ്ണമായും വീണ്ടും ചിത്രീകരിക്കേണ്ടിവരുന്നതിനാൽ ചിത്രം വൈകാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നടന്റെ പിന്മാറ്റ വർത്തകളോട് ഇരുഭാഗവും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, ജോലി സമയത്തെച്ചൊല്ലി സംവിധായകനുമായുണ്ടായ ഭിന്നതയെത്തുടർന്ന് ദീപിക പദുക്കോൺ പിന്മാറിയെന്നായിരുന്നു റിപ്പോർട്ട്. ദീപികയ്ക്ക് പകരം ത്രിപ്തി ദിമ്രിയാണ് 'സ്പിരിറ്റി'ൽ പ്രഭാസിന്റെ നായികയായെത്തിയത്. ജനുവരി ഒന്നിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.

അടുത്തവർഷം മാർച്ച് അഞ്ചിന് റിലീസ് ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. വിവേക് ഒബ്‌റോയ് അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്‌. പോലീസ് വേഷത്തിലാണ് പ്രഭാസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.