ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം പൂർണമായും സന്ദീപിന്റേതാണെന്ന് പ്രണയ് ഊന്നിപ്പറഞ്ഞു.

പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'സ്പിരിറ്റ്'ൽ നിന്ന് നടി ദീപിക പദുകോൺ പിന്മാറിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. ആദ്യഘട്ടത്തിൽ പ്രഭാസിന്റെ നായികയായി ദീപികയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് താരം ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. വെറുമൊരു ഡേറ്റ് പ്രശ്നം കൊണ്ടോ സാധാരണ പ്രതിഫല തർക്കം കൊണ്ടോ മാത്രമല്ല ദീപിക ഈ പ്രോജക്റ്റിൽ നിന്നും പുറത്തായത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ പ്രണയ് റെഡ്ഡി വാംഗ.
സിനിമയുടെ ലാഭത്തിൽ നിന്നും 10 ശതമാനം വിഹിതം വേണമെന്ന ദീപികയുടെ ആവശ്യമാണ് നിർമാതാക്കളെ പിന്നോട്ട് വലിച്ചതെന്ന് എൻടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിൽ പ്രണയ് റെഡ്ഡി പറഞ്ഞു. സമീപകാലത്ത് റിലീസ് ചെയ്ത ദീപികയുടെ ചില ചിത്രങ്ങൾ വലിയ വിജയങ്ങളായതോടെയാണ് താരം ലാഭത്തിന്റെ 10 ശതമാനം വിഹിതം ആവശ്യപ്പെടാൻ തുടങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രതിഫല കാര്യങ്ങൾക്കൊപ്പം ചിത്രീകരണ സമയക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മറ്റു ചില ആവശ്യങ്ങളും ചേർന്നപ്പോൾ ഈ സഹകരണം സാമ്പത്തികമായി പ്രായോഗികമല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ദീപികയ്ക്ക് പകരം മറ്റ് നടിമാരെ തേടാൻ സന്ദീപ് റെഡ്ഡി വാംഗയെ പ്രേരിപ്പിച്ചതെന്നും പ്രണയ് പറഞ്ഞു.
കഥാപാത്രത്തിനായി ദീപികയെ തിരഞ്ഞെടുക്കാൻ സന്ദീപ് റെഡ്ഡി വാംഗയ്ക്ക് വലിയ താല്പര്യമുണ്ടായിരുന്നു. ദീപികയുടെ മുൻപത്തെ അഭിനയം ഇഷ്ടപ്പെട്ട സന്ദീപ് ഒന്നര വർഷത്തോളം താരവുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ സമയത്തിനനുസരിച്ച് കാര്യങ്ങൾ മാറിമറിയുകയും ദീപികയുടെ പ്രതിഫല ആവശ്യങ്ങൾ സിനിമയുടെ ബഡ്ജറ്റിന് താങ്ങാൻ കഴിയാത്ത രീതിയിലേക്ക് ഉയരുകയും ചെയ്തു. താരങ്ങൾക്ക് എന്തും ആവശ്യപ്പെടാമെന്നും എന്നാൽ അത് നൽകാൻ തങ്ങൾക്ക് സാധിക്കണം എന്നതുമാണ് പ്രധാനമെന്നും പ്രണയ് റെഡ്ഡി വംഗ വ്യക്തമാക്കി.
ദീപികയ്ക്ക് പകരം മറ്റ് നടിമാരെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയതോടെ, ഒരു വർഷത്തിലധികമായി നടന്ന സ്വകാര്യ ചർച്ചകളുടെ വിവരങ്ങൾ പുറത്തു പ്രചരിക്കാൻ തുടങ്ങി. ഇത് സന്ദീപ് റെഡ്ഡി വംഗയെ ഏറെ ചൊടിപ്പിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ തന്നെ നിൽക്കണമെന്നും ഔദ്യോഗികമായി അറിയിക്കുന്നത് വരെ രഹസ്യമായി സൂക്ഷിക്കണമെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നത്. ദീപികയെ ഒഴിവാക്കാനുള്ള തീരുമാനം പൂർണമായും സന്ദീപിന്റേതാണെന്ന് പ്രണയ് ഊന്നിപ്പറഞ്ഞു.
2025 മെയ് മാസത്തിലാണ് സന്ദീപ് റെഡ്ഡി വാംഗ "ഡേർട്ടി പിആർ ഗെയിംസ്" എന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. ദീപികയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും കുറിപ്പ് അവർക്ക് എതിരെയുള്ളതാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടു. ഈ വിവാദങ്ങൾക്ക് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ തൃപ്തി ദിമ്രിയെ ചിത്രത്തിലെ പുതിയ നായികയായി പ്രഖ്യാപിച്ചു.
ടി-സീരീസുമായി ചേർന്ന് സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന 'സ്പിരിറ്റ്' എട്ട് ഭാഷകളിൽ പുറത്തിറങ്ങുന്ന എന്റർടെയ്നറാണ്. പ്രഭാസിനൊപ്പം വിവേക് ഒബ്‌റോയ്, ഐശ്വര്യ ദേശായി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഗുൽഷൻ കുമാറും ടി-സീരീസും അവതരിപ്പിക്കുന്ന 'സ്പിരിറ്റ്' നിർമ്മിക്കുന്നത് ഭൂഷൺ കുമാർ, പ്രണയ് റെഡ്ഡി വംഗ, കൃഷൻ കുമാർ, പ്രഭാകർ റെഡ്ഡി വംഗ എന്നിവർ ചേർന്നാണ്. ചിത്രം 2027 മാർച്ച് 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Spirit producer Pranay Reddy Vanga revealed that Deepika Padukone was replaced by Triptii Dimri in Sandeep Reddy Vanga's Prabhas-starrer due to financial unviability, including her demand for 10 per cent post-release net profit and breaches of project confidentiality.
Published: 21 Aug 2026, 01:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented