തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവുമായ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കാൻ തിടുക്കം കൂട്ടാനില്ലെന്ന് നടൻ പ്രകാശ് രാജ്. വിജയ് വിദേശ സന്ദർശനം നടത്തുന്നതിലും സുഹൃത്തായ അജിത് കുമാറിനെ അവിടെ കാണുന്നതിലും തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുച്ചിറപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

120 ദിവസങ്ങൾ മാത്രം പ്രായമുള്ള വിജയ് സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നത് അകാലത്തിലാണ്. കുറഞ്ഞത് ഒരു വർഷത്തെ സമയം നൽകണം. വിജയ് സർക്കാരുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആദ്യ ബജറ്റ് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കൂട്ടിച്ചേർത്തു.

'പിന്തുണച്ച് വോട്ട് ചെയ്തവർക്ക് മാത്രമല്ല, വോട്ട് ചെയ്യാത്തവർക്കും കൂടിയുള്ള മുഖ്യമന്ത്രിയാണ് വിജയ്. അദ്ദേഹത്തിന് പ്രവർത്തിക്കാൻ കൂടുതൽ സമയം നൽകണം. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുൻപ് കുറഞ്ഞത് ഒരു വർഷമെങ്കിലും അനുവദിക്കണം. വിജയ്‌യെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, അവർ വിജയിച്ച് സർക്കാരുണ്ടാക്കി. ഇപ്പോൾ 120 ദിവസം മാത്രമേ ആയിട്ടുള്ളൂ, അതിനാൽ പെട്ടെന്ന് നിഗമനത്തിലെത്താൻ കഴിയില്ല. ഒരു വർഷത്തിനു ശേഷവും അവർ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ഞാൻ ചോദ്യം ചെയ്യും.' പ്രകാശ് രാജ് പറഞ്ഞു.

ഭരണത്തിലുള്ളവരോടുള്ള വ്യക്തിപരമായ എതിർപ്പ് കാരണം മാത്രം അവരെ വിമർശിക്കാൻ തിടുക്കം കാണിക്കരുതെന്നും ജനാധിപത്യത്തെയും ജനവിധിയെയും ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ് വിദേശത്തുപോയി സുഹൃത്ത് അജിതിനെ കണ്ടതിൽ തെറ്റില്ല. പോയ ലക്ഷ്യം നിറവേറ്റിയോ എന്നാണ് താൻ നോക്കുന്നത്. ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായാണ് വിജയ്‌യുടെ അവകാശവാദമെന്നും പ്രകാശ് രാജ് പറഞ്ഞു.

ALSO READ | വിജയ്‌യും ഞാനും തമ്മിൽ 34 വർഷത്തെ സൗഹൃദം, അദ്ദേഹം മുഖ്യമന്ത്രിയായതിൽ എനിക്ക് അതിരറ്റ സന്തോഷം-അജിത് കുമാർ

ഇംഗ്ലണ്ടിലെ സിൽവർ‌സ്റ്റോണിൽ നടന്ന ലെ മാൻ റേസ് മുഖ്യമന്ത്രി വിജയ് ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. മത്സരത്തിൽ നടൻ അജിത് കുമാറും അദ്ദേഹത്തിന്റെ ടീമും പങ്കെടുത്തിരുന്നു. നടി തൃഷ കൃഷ്ണൻ, മന്ത്രി ആധവ് അർജുന എന്നിവരും വിജയ്ക്കൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.