മിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ. ഭൂരിപക്ഷം നേടിയതിന് പിന്നാലെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ഇന്ന് സമൂഹം രാഷ്ട്രീയബോധത്തേക്കാൾ ആരാധനാ സംസ്‌കാരത്തിന് പിന്നാലെയാണെന്ന് പ്രകാശ് രാജ് എക്‌സിൽ കുറിച്ചു. ഇതിഹാസ നേതാവായിരുന്ന കെ. കാമരാജ് പോലും പരാജയപ്പെട്ടിട്ടുണ്ടെന്നും വിജയിച്ച സ്ഥാനാർഥികൾക്ക് മികച്ച രീതിയിൽതന്നെ ജനങ്ങളെ സേവിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ജനങ്ങൾക്ക് രാഷ്ട്രീയ അവബോധം ഇനിയും ഉണ്ടായിട്ടില്ല എന്നാണ് ഇത് കാണിക്കുന്നതെന്നും രാഷ്ട്രീയ അവബോധമുണ്ടാക്കുന്നവർ എപ്പോഴും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. തമിഴ് സിനിമയിലെ ഒട്ടേറെ പ്രമുഖർ വിജയ്ക്ക് ആശംസ നേർന്നപ്പോഴാണ് പ്രകാശ് രാജ് വിമർശിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

ഇതിന് താഴെ പ്രകാശ് രാജിനെ പിന്തുണച്ചും വിമർശിച്ചും ഒട്ടേറെപ്പേർ കമന്റ് ചെയ്തിട്ടുണ്ട്. കർണാടകയിൽ താമസിക്കുന്ന, തമിഴനല്ലാത്ത നിങ്ങളെന്തിനാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിൽ ഇടപെടുന്നത് എന്നാണ് ഒരാൾ കുറിച്ചത്. ജനനായകൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.