'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്ണി'നായി ഋഷഭും കുടുംബും ബെംഗളൂരുവില്‍നിന്ന് താമസം പൂര്‍ണ്ണമായും കുന്ദപുരയിലേക്ക് മാറ്റിയിരുന്നെന്ന് ഭാര്യ പ്രഗതി ഋഷഭ് ഷെട്ടി. പ്രഗതിയാണ് ചിത്രത്തിന് വസ്ത്രാലങ്കാരം നിര്‍വഹിച്ചത്. 440 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുന്നത് ത്യാഗമായിരുന്നെങ്കിലും 'കാന്താര'പോലെയൊരു ചിത്രത്തിന് വേണ്ടി അത് അംഗീകരിക്കാന്‍ ഒരുക്കമായിരുന്നുവെന്നും അവര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

To advertise here,

'ഞാന്‍ ഇന്ന് എവിടെയാണോ, അവിടെവരെ എത്തും എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സാധാരണ 9- 5 ജോലിയില്‍നിന്ന് ഇന്നിവിടെവരെ എത്തിനില്‍ക്കുന്നു. ഋഷഭിനെ കണ്ടുമുട്ടിയപ്പോള്‍, ജോലി ഉപേക്ഷിക്കാനുള്ള കാരണം ഞാന്‍ കണ്ടെത്തി. ഋഷഭിനൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ അഭിമാനിക്കുന്നു. ആ അവസരങ്ങള്‍ക്ക് കടപ്പെട്ടിരിക്കും'-പ്രഗതി പറഞ്ഞു.

'കാന്താര: ചാപ്റ്റര്‍ വണ്ണിനായി ഞങ്ങള്‍ ബെംഗളൂരുവില്‍നിന്ന് കുന്ദപുരയിലേക്ക് താമസം മാറ്റി. കുന്ദപുരയിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചത്. സിനിമയില്‍ കാണുമ്പോള്‍ ഓരോ ഫ്രെയിമും മനോഹരമാണ്. എന്നാല്‍, ആ ലൊക്കേഷനുകളില്‍ എത്തിച്ചേരാന്‍ ഒരുപാട് ബുദ്ധിമുട്ടായിരുന്നു. ചില ലൊക്കേഷനുകളിലേക്ക് ട്രെക് ചെയ്ത് പോവേണ്ടിയിരുന്നു. ഒരു വലിയ ടീമിനെ എങ്ങനെ കൊണ്ടുപോകാമെന്ന് ചിത്രത്തില്‍നിന്ന് പഠിച്ചു. അതിനൊപ്പം എനിക്ക് കുടുംബത്തേയും കുട്ടികളേയും ഋഷഭിന്റെ മറ്റ് പ്രൊജക്ടുകളും കൈകാര്യംചെയ്യേണ്ടിയിരുന്നു. അത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു'-അവര്‍ പറഞ്ഞു.

ഋഷഭുമായുള്ള പ്രണയവിവാഹത്തെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞു. 'ഞാന്‍ ഋഷഭിനെ കണ്ടപ്പോള്‍, കണ്ണുകളിലെ നിഷ്‌കളങ്കതയും സത്യസന്ധതയുമായിരുന്നു ആദ്യം ശ്രദ്ധിച്ചത്. എത്രവളര്‍ന്നാലും എനിക്കിപ്പോഴും അദ്ദേഹത്തിന്റെ നിഷ്‌കളങ്കത കാണാന്‍ കഴിയും. ഈ നിഷ്‌കളങ്കതയും സത്യസന്ധതയുമാണ് ഋഷഭിനെ, ഇന്നെവിടെയാണോ അവിടെവരെ എത്തിച്ചത്. ഒരേ പ്രദേശത്തുനിന്നും സമുദായത്തില്‍നിന്നുമായതിനാല്‍ ഞങ്ങള്‍ക്ക് പെട്ടെന്ന് തന്നെ കണക്ട് ചെയ്യാന്‍ പറ്റി. എല്ലാം പെട്ടെന്നായിരുന്നു, പത്തുമാസംകൊണ്ട് ഞങ്ങള്‍ വിവാഹിതരായി'- പ്രഗതി ഓര്‍ത്തെടുത്തു.

'അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമായിരുന്നെങ്കിലും പരസ്പരം ഞങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഒരുദിവസം രാത്രി വന്ന്, നാളത്തേക്ക് 500 വസ്ത്രങ്ങള്‍ വേണമെന്ന് അദ്ദേഹം പറയും. അതെങ്ങനെ നടക്കും എന്ന് ഞാന്‍ ചോദിക്കുമെങ്കിലും, ഒരിക്കലും പറ്റില്ല എന്ന് പറയില്ല. 'കാന്താര' പോലെ ദൈവികമായ ഒരു ചിത്രത്തില്‍ ഒന്നിനും 'നോ' പറയാന്‍ തോന്നില്ല. ചില കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമെങ്കിലും ഞങ്ങളുടെ ഈഗോയേക്കാള്‍ വലുത് 'കാന്താര'യാണെന്ന തിരിച്ചറിവില്‍ ഞങ്ങള്‍ ധാരണയിലെത്തും. ജീവിതത്തില്‍ ഋഷഭിനോട് നോ പറയുമെങ്കിലും സിനിമയില്‍ അദ്ദേഹം സംവിധായകനാണ്. നോ പറയാറില്ല. ഞാന്‍ നോ പറയില്ല എന്ന് അദ്ദേഹത്തിനും അറിയാം'- അവര്‍ വ്യക്തമാക്കി.

'നഗരജീവിതത്തില്‍നിന്ന് മാറിനില്‍ക്കുന്നതും വ്യക്തിപരമായ സമയത്തിലും മാനസിക സമാധാനത്തിലും വിട്ടുവീഴ്ച ചെയ്യുന്നതും, മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതുമെല്ലാം ത്യാഗങ്ങളായിരുന്നു. പക്ഷേ, 'കാന്താര' പോലുള്ള പ്രോജക്റ്റുകള്‍ നിങ്ങളെ മുന്നോട്ട് നയിക്കും. അത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരവസരമായതിനാല്‍ എനിക്ക് എപ്പോഴും നന്ദിയുണ്ട്', പ്രഗതി കൂട്ടിച്ചേര്‍ത്തു.