നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും പാൻ- ഇന്ത്യൻ ശ്രദ്ധനേടിയ 'കാന്താര' ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസും തമ്മിൽ ഭിന്നതയെന്ന് വീണ്ടും അഭ്യൂഹം. ചിത്രങ്ങളുടെ രണ്ടുഭാഗങ്ങളുടെയും വാർഷികം പ്രമാണിച്ച് ഇരുഭാഗവും പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹം ശക്തമായത്. ആദ്യഭാഗത്തിന്റെ നാലാം വാർഷികത്തിലും രണ്ടാംഭാഗത്തിന്റെ ഒന്നാം വാർഷികത്തിലും ഇരുവരും പങ്കുവെച്ച പോസ്റ്റുകളിൽ പരസ്പരം പരാമർശമില്ലാത്തതാണ് ചർച്ചകൾക്ക് വഴിവെച്ചത്.

To advertise here,

പരമ്പരയിലെ ആദ്യഭാഗമായ 'കാന്താര: എ ലെജൻഡ്' പുറത്തിറങ്ങിയിട്ട് കഴിഞ്ഞ ബുധനാഴ്ച നാലുവർഷം തികഞ്ഞിരുന്നു. അന്ന് ഹോംബാലെ ഫിലിംസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ നടനും സംവിധായകനുമായ ഋഷഭിനെ പരാമർശിച്ചിരുന്നില്ല. പോസ്റ്ററിൽ സംവിധായകൻ ഉൾപ്പെടെ ആരുടെയും പേരില്ലെന്ന് മാത്രമല്ല, പഞ്ചുരുളി തെയ്യത്തിന്റെ ഗ്രാഫിക്‌സ് ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹോംബാലെയുടെ ലോഗോയും പോസ്റ്ററിൽ കാണാം. അതേദിവസം ഋഷഭ് പങ്കുവെച്ച പോസ്റ്റിലും പോസ്റ്ററിലും ഹോംബാലെ ഫിലിംസിനെക്കുറിച്ചും പരാമർശമില്ല.

വെള്ളിയാഴ്ചയാണ് രണ്ടാംഭാഗമായ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' പുറത്തിറങ്ങിയിട്ട് ഒരുവർഷം പൂർത്തിയായത്. ഇതിലും പരസ്പരം പരാമർശമില്ല. മാത്രമല്ല, ചിത്രത്തിലെ വിഎഫ്എക്‌സിൽ നിർമിച്ച പുലിയുടെ ചിത്രമാണ് ഹോംബാലെയുടെ പോസ്റ്ററിലുള്ളത്. ഇതോടെയാണ് സിനിമാ പ്രേമികൾ താരവും നിർമാണക്കമ്പനിയും തമ്മിൽ അകൽച്ചയിലാണെന്ന വിലയിരുത്തുലമായി രംഗത്തെത്തിയത്.

ALSO READ | 'നാലാം നൂറ്റാണ്ടിൽ കുപ്പിവെള്ളവും പ്ലാസ്റ്റിക്കും?; 'കാന്താര' പാട്ടുസീനിലെ പിഴവ് ചൂണ്ടിക്കാട്ടി ആരാധകൻ

നേരത്തെ, ഹോംബാലെ ഫിലിംസിനെ ഋഷഭ് ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെ രാജ് ബി. ഷെട്ടിയെയും രുക്മിണി വസന്തിനെയും ഋഷഭ് അൺഫോളോ ചെയ്തു.