
ജാൻവി കപൂറിന്റെ കഥാപാത്രത്തെ അമിതമായി ലൈംഗികവത്കരിച്ചതിന്റെ പേരിൽ റിലീസ് ചെയ്ത അന്ന് തൊട്ട് വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് രാം ചരൺ നായകനായ പെദ്ധി. ഇപ്പോഴിതാ ഗായിക സുമംഗലി അരിയനായഗവും പെദ്ധി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. മനുഷ്യന് ലഭിക്കേണ്ട അന്തസ്സ് ആ കഥാപാത്രത്തിന് വേണ്ടെന്ന് അണിയറപ്രവർത്തകർ തീരുമാനിച്ചുവെന്ന് സുമംഗലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
'അധികാരമില്ലാത്തവരായിരിക്കുന്നതിന്റെ ആഘാതത്തെക്കുറിച്ച് ഒരു കഥയെഴുതാൻ ശക്തരായ പുരുഷന്മാർ ഒരു മുറിയിൽ ഒത്തുചേർന്നു. അതേ ശ്വാസത്തിൽത്തന്നെ, അവർ ജാൻവി കപൂറിന്റെ കഥാപാത്രത്തെ ക്യാമറക്കണ്ണുകൾക്കുമുന്നിലെ വെറുമൊരു ശരീരവും നിർബന്ധിത ചുംബനത്തിനുള്ള ഒരുപകരണവും പാട്ടുകൾ അവസാനിക്കുമ്പോൾ വലിച്ചെറിയാനുള്ള ഒരു വസ്തുവുമായി മാറ്റിത്തീർത്തു. മനുഷ്യന്റെ അന്തസ്സ് എന്താണെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു. അവൾ അതിന് അർഹയല്ലെന്ന് അവർ തീരുമാനിച്ചുവെന്നുമാത്രം.' സുമംഗലി കുറിച്ചു.
ചിത്രത്തിലെ ജാൻവി കപൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയോട് വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യയിലെ ഒരു നടിയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്ന 'ഏറ്റവും വിലയേറിയ അപമാനം' എന്നാണ് ഇൻസ്റ്റഗ്രാമിൽ റെക്കമെന്റേഷൻ കമ്മ്യൂണിറ്റി പങ്കുവെച്ച വൈറലായ മറ്റൊരു പോസ്റ്റിൽ പെദ്ധിയെ വിശേഷിപ്പിക്കുന്നത്. ഈ പോസ്റ്റിന് ജാൻവി കപൂർ ലൈക്ക് ചെയ്തു എന്നതും ശ്രദ്ധേയമാണ്. ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സുമംഗലിയും തന്റെ വിമർശനം രേഖപ്പെടുത്തിയത്.
സിനിമയുടെ ചിത്രീകരണഘട്ടത്തിൽത്തന്നെ ജാൻവിയ്ക്ക് തന്റെ കഥാപാത്രസൃഷ്ടിയോട് എതിർപ്പുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ അത് അവഗണിച്ച് കച്ചവടതാത്പര്യങ്ങളോടെ ആ രംഗങ്ങൾ സിനിമയിൽ സംവിധായകൻ ബുച്ചി ബാബു സന ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.
നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്. മനുഷ്യന്റെ സ്വത്വത്തെ നിഷേധിക്കുന്നതിനെ ഒരു വ്യവസ്ഥാപിത തിന്മയായി സിനിമ വിമർശിക്കുമ്പോഴും, നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷികപരിഗണനയും സിനിമ നൽകുന്നില്ല എന്ന വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.
നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ 'പ്രണയമായാണ്' ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷകഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
Content Highlights: Singer Sumangali Ariyanayagam and online communities have fiercely criticized the makers of Ram Charan’s movie Peddi for hyper-sexualizing and stripping away the human dignity of Janhvi Kapoor's character, Achiyamma, amid reports that the actress herself had initially opposed these scenes.
Published: 05 Jun 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented