
രാം ചരൺ നായകനായ പുതിയ ചിത്രം 'പെഡ്ഡി'യുടെ (Peddi) വിജയഘോഷങ്ങൾക്കിടയിൽ വികാരഭരിതനായി പിതാവും മുതിർന്ന ചലച്ചിത്രതാരവുമായ ചിരഞ്ജീവി. ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ രാം ചരണിന് സംഭവിച്ച ഗുരുതരമായ ഒരു പരിക്കിനെക്കുറിച്ചും അന്ന് ഒരു അച്ഛൻ എന്ന നിലയിൽ താൻ അനുഭവിച്ച മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
'പെഡ്ഡി'യുടെ ചിത്രീകരണത്തിനിടെ രാം ചരണിന്റെ കണ്ണിന് ഗുരുതരമായ പരിക്കേൽക്കുകയും എട്ട് തുന്നലുകൾ വേണ്ടിവരികയും ചെയ്തു. ഈ പരിക്കിന്റെ ഫോട്ടോ കണ്ടപ്പോൾ താൻ വല്ലാതെ ഭയന്നുപോയെന്ന് ചിരഞ്ജീവി പറഞ്ഞു. പരിക്ക് കുറച്ചുകൂടി താഴെയായിരുന്നെങ്കിൽ രാം ചരണിന്റെ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് പുരികത്തിന് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സൂപ്പർതാരത്തിന്റെ മകനായതിനാൽ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളാണ് രാം ചരൺ. അതുകൊണ്ട് തന്നെ ഇത്രയധികം കഷ്ടപ്പെടേണ്ട ആവശ്യമില്ലായിരുന്നുവെന്നും സംവിധായകൻ പറയുന്ന കാര്യങ്ങൾ മാത്രം ചെയ്ത് മുന്നോട്ട് പോകാമായിരുന്നുവെന്നും ചിരഞ്ജീവി പറയുന്നു. എന്നാൽ സ്വന്തമായി സ്റ്റണ്ടുകൾ ചെയ്യാനും സിനിമയ്ക്കായി കഠിനാധ്വാനം ചെയ്യാനുമാണ് രാം ചരൺ തീരുമാനിച്ചത്. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് വ്യായാമം ചെയ്ത ശേഷം സെറ്റിലേക്ക് പോകുന്ന രാം ചരൺ, രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയാലും വിശ്രമിക്കാൻ നിൽക്കാതെ സൂപ്പ് മാത്രം കുടിച്ച് വീണ്ടും പരിശീലനം നടത്തുമായിരുന്നു. മകന്റ ഈ കഠിനാധ്വാനം കാണുമ്പോൾ തനിക്ക് വലിയ അഭിമാനമാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് താനും ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തന്റെ പിതാവ് കൊണിഡേല വെങ്കട്ട് റാവുവും ഇങ്ങനെ ആശങ്കപ്പെടാറുണ്ടായിരുന്നുവെന്ന് ചിരഞ്ജീവി ഓർക്കുന്നു. 'ഗുണ്ട' (Gunda) എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഓടുന്ന ട്രെയിനിനടിയിൽ വെച്ച് ഒരു ആക്ഷൻ രംഗം ചെയ്തപ്പോൾ തന്റെ പിതാവ് ഏറെ ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകരെ രസിപ്പിക്കാൻ ഇങ്ങനെയുള്ള റിസ്ക്കുകൾ എടുക്കണമെന്ന് അന്ന് താൻ പിതാവിനോട് പറഞ്ഞപ്പോൾ, "നിന്റെ മകൻ ഒരു നായകനായി ഇത്തരം കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോൾ മാത്രമേ ഒരു അച്ഛന്റെ വേദന നിനക്ക് മനസ്സിലാകൂ" എന്നായിരുന്നു അച്ഛന്റെ മറുപടി. രാം ചരണിന് പരിക്കേറ്റപ്പോൾ അച്ഛന്റെ ആ വാക്കുകൾ താൻ ഓർത്തുപോയെന്ന് ചിരഞ്ജീവി വികാരഭരിതനായി പറഞ്ഞു.
നായികയായ ജാൻവി കപൂറിനെ മോശമായി ചിത്രീകരിച്ചു എന്നതുൾപ്പെടെ നിരവധി വിമർശനങ്ങൾ നിരൂപകരിൽ നിന്ന് നേരിട്ടെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമാണ് 'പെഡ്ഡി' സ്വന്തമാക്കിയത്. ലോകമെമ്പാടുമായി 322 കോടി രൂപയാണ് ചിത്രം ഇതിനോടകം നേടിയത്.
Content Highlights: During the success celebrations of the movie 'Peddi', Megastar Chiranjeevi emotionally revealed that his son Ram Charan narrowly escaped losing his eyesight after suffering a severe eye injury that required eight stitches during the film's rigorous stunt shoots.
Published: 24 Jun 2026, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented