പെദ്ധി എന്ന ചിത്രത്തിൽ നടി ജാൻവി കപൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതി വ്യാപക വിമർശനത്തിനിടയാക്കിയതിനെ തുടർന്ന് ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന. വിമർശനങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കിയ സംവിധായകൻ ചിത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

To advertise here,

"ഒരു ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ, സിനിമ പ്രേക്ഷകരെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും അവരുമായി ബന്ധപ്പെടുകയും വേണമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരിക്കലും ആർക്കും അസ്വസ്ഥതയോ അനാദരവോ ഉണ്ടാക്കുന്നതാവരുത്. 'പെദ്ധി'യിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഞങ്ങൾ കേൾക്കുകയും അവയെ ഗൗരവത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിത്തിരയിലും ജീവിതത്തിലും സ്ത്രീകൾക്ക് ഞാൻ എപ്പോഴും വലിയ ബഹുമാനമാണ് നൽകിയിട്ടുള്ളത്; ഒരു സ്ത്രീ കഥാപാത്രത്തെയും മോശമായി ചിത്രീകരിക്കാനോ അനാദരിക്കാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ആ വികാരങ്ങളെ ഞങ്ങൾ മാനിക്കുകയും ഉയർന്നുവന്ന ആശങ്കകൾ മനസ്സിലാക്കുകയും ആത്മാർഥമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

പ്രതികരണങ്ങൾ പരിശോധിച്ച ശേഷം, ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചു. പ്രേക്ഷകരുമായുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്; കഥാകൃത്തുക്കൾ എന്ന നിലയിൽ, മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും വികാരങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.

ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടാനും അംഗീകരിക്കപ്പെടാനും അന്തസ്സോടെ പ്രതിനിധാനം ചെയ്യപ്പെടാനും അർഹയാണ്. ശക്തമായ കഥാപാത്രങ്ങളെ ആഘോഷിക്കുന്നതും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ കഥകൾ പറയുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി തുടരും.

തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ആത്മാർഥമായി പങ്കുവെക്കുകയും ചെയ്ത എല്ലാവർക്കും നന്ദി." ബുച്ചി ബാബു സന പറഞ്ഞു.

വിവാദമായതെങ്ങനെ?

പെദ്ധി എന്ന ചിത്രത്തിൽ നായകനായ രാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആരോപണം. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്.

സാമൂഹിക, മാനുഷിക, രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിൽ നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന് വിമർശകർ ആരോപിക്കുന്നു.

നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ 'പ്രണയമായാണ്' ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, നടിയുടെ തീരുമാനങ്ങൾക്കും എതിർപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.