
തിരുവനന്തപുരം: പൊതുപരിപാടിയിൽ വൈകിയെത്തിയതിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നീരസം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി.സി. വിഷ്ണുനാഥ്. താൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും ആത്മാർഥമായി മാപ്പുപറഞ്ഞതായും മന്ത്രി വിഷ്ണുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. അടൂർ ഗുരുസ്ഥാനീയനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഗുരുസ്ഥാനീയനായി ഉള്ള ആളാണ്. മനഃപൂർവം ഉണ്ടായ വിമർശനം അല്ല. സംഘാടകരുടെ ഭാഗത്തുനിന്നും ചെറിയ പിഴവുണ്ടായി. സാറ് രണ്ടു മണി മുതൽ കാത്തിരിക്കുകയാണെന്ന വിവരം എന്നെ അറിയിച്ചില്ല. ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. ആത്മാർഥമായി തന്നെ ഞാൻ മാപ്പും പറഞ്ഞു. പൊതുപ്രവർത്തകനാകുമ്പോൾ ചിലപ്പോൾ പൂമാലയും കിട്ടും ഇതുപോലെ ചില അവസരങ്ങളും ഉണ്ടാകും', മന്ത്രിയുടെ വാക്കുകൾ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഫിലിം സൊസൈറ്റി അസോസിയേഷൻ പരിപാടിയിൽ മന്ത്രി വൈകിയെത്തിയതിൽ അടൂർ ഗോപാലകൃഷ്ണൻ നീരസം പ്രകടിപ്പിച്ചിരുന്നു. രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. അടൂർ ഗോപാലകൃഷ്ണൻ വേദിയിൽ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കി.
Read more | മന്ത്രി വിഷ്ണുനാഥ് എത്താൻ വൈകി; നമുക്കും ചെറിയ തിരക്കുകളുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ
നേരത്തെ ഒരു സാംസ്കാരിക വകുപ്പ് മന്ത്രി ചർച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂർ കാത്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അവർക്ക് വലിയ തിരക്കുകളുണ്ട്, നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വേദിയിലിരിക്കെയായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം. രണ്ട് മണിക്കൂറായപ്പോൾ താൻ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നു കരുതിയാണ് പോകാതെയിരുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
Published: 19 Aug 2026, 11:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented