നീണ്ട 18 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് എന്ന ചിത്രം മേയ് ഒന്നിന് തീയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ വലിയ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളുടെ ചാറ്റ് ഷോ പുറത്തിറങ്ങിയിരിക്കുകയാണ്. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചാറ്റ്‌ഷോ റിലീസ് ചെയ്തത്.

To advertise here,

51 മിനിറ്റ് ദൈർഘ്യമുള്ള ഷോയിൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രാജീവ് മേനോൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം എന്നിവരെല്ലാം അണിനിരന്ന ചാറ്റ് ഷോ ഒരുക്കിയത് പ്രകാശ് വർമയാണ്. തമാശകൾ പറഞ്ഞ് വളരെ രസകരമായാണ് ചാറ്റ് ഷോ തുടങ്ങുന്നത്. പിന്നീട് ചിത്രത്തെ കുറിച്ചുള്ള പല കാര്യങ്ങളും അനുഭവങ്ങളുമെല്ലാം താരങ്ങൾ പങ്കുവെച്ചു.

താൻ സിനിമ മുഴുവനും കണ്ടുവെന്ന് പ്രകാശ് വർമ ചാറ്റ് ഷോയിൽ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞു. അതിന് ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി ഇതുവരെ തയ്യാറായിട്ടില്ലല്ലോ എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ സമയത്തെ പ്രകാശ് വർമയുടെ മുഖം ഫോണിൽ മോഹൻലാൽ പകർത്തി. ഇതുപോലെ രസകരമായതും ചിരിയുണർത്തുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങൾക്ക് ശേഷമാണ് താരങ്ങൾ ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക് കടന്നത്.

ചിത്രത്തിൽ റൊമാൻസും ഫൈറ്റും പാട്ടുമെല്ലാമുള്ളത് കുഞ്ചാക്കോ ബോബനാണെന്നും കിടിലൻ ഡയലോഗുകളുള്ളത് ഫഹദ് ഫാസിലിനാണെന്നും അതിനാൽ ഇവർ രണ്ടുപേരുമാണ് പേട്രിയറ്റിലെ നായകന്മാരെന്നും മമ്മൂട്ടി പറഞ്ഞു. തനിക്കും മോഹൻലാലിനും കുറച്ച് സീനുകൾ മാത്രമേയുള്ളൂ. ശക്തരായ നാല് സ്ത്രീകഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ചിത്രം റിലീസ് ചെയ്യുമ്പോൾ താൻ യുഎസ്സിലായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. വേൾഡ് വൈഡ് റിലീസായതുകൊണ്ട് അവിടെ കാണാമല്ലോ എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ നാട്ടിൽ എല്ലാവർക്കുമൊപ്പം കാണാൻ കഴിയാത്തതിന്റെ നിരാശ ലാൽ മറച്ചുവെച്ചില്ല. ഒട്ടേറെ താരങ്ങൾ ഒന്നിച്ചെത്തുന്ന ഇതുപോലെയുള്ള ചിത്രങ്ങൾ മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും ബിഗ് എംസ് പറഞ്ഞു.