ഒരു ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് വാങ്ങുമ്പോൾ ഉപയോക്താവ് എന്തൊക്കെ കാര്യങ്ങൾ പ്രാഥമികമായി ചിന്തിക്കും? വില, സ്വന്തം ആവശ്യം, ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയൊക്കെയായിരിക്കും. എന്നാൽ ഈ ഉപകരണങ്ങൾ സ്വന്തം സ്വകാര്യതയിലേക്ക് എത്രമാത്രം ഒളിഞ്ഞുനോക്കുന്നുണ്ടെന്ന് ഇതൊക്കെ വാങ്ങുന്ന എത്രപേർ ചിന്തിച്ചിരിക്കും? ഇത്തരം സ്മാർട്ട് ഉപകരണങ്ങൾ സ്വകാര്യതയിലേക്ക് ഒളിഞ്ഞുകടക്കുമ്പോഴുണ്ടാകുന്ന അത്യന്തം ആപത്കരമായ ഒരു പരിണിതഫലമുണ്ട്. അതിലേക്കാണ് മഹേഷ് നാരായണൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന പേട്രിയറ്റ് എന്ന മൾട്ടിസ്റ്റാർ ചിത്രം കടന്നുചെല്ലുന്നത്.

To advertise here,

ജെ.പി. സുന്ദരം എന്ന കേന്ദ്രമന്ത്രിയും അയാൾ നടത്തിയ ചില അനധികൃത ഇടപാടുകളുടേയും വിവരങ്ങൾ പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കുകയാണ് മുൻ ഡിആർഡബ്ലിയു ഉദ്യോഗസ്ഥനായ ഡാനിയൽ ജെയിംസ്. വിമതൻ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഡാനിയൽ ഇതിന് ശ്രമിക്കുന്നത്. ഇതിനിടയിൽ ഡാനിയൽ കണ്ടെത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. ഐടി വിദഗ്ധനായ മൈക്കിൾ ദേവസി, ഇയാളുടെ പങ്കാളി ജ്യോതി, ഐടി കമ്പനി ഉടമ ശക്തി സുന്ദരം, മുൻ സൈനികൻ കേണൽ റഹീം നായിക് എന്നിവർ കൂടി ഡേവിഡിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ ചിത്രം സംഘർഷഭരിതമാകുന്നു. മാസ് ആക്ഷൻ ത്രില്ലർ എന്നതിനേക്കാൾ ടെക് ത്രില്ലർ എന്ന വിശേഷണമായിരിക്കും ചിത്രത്തിന് ഒന്നുകൂടി യോജിക്കുക.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മലയാളത്തിലെതന്നെ രണ്ടുവലിയ താരങ്ങൾ ഒരുമിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. എന്നാൽ ഇരുവരേയും ഉപയോഗിച്ച് ഹൈവോൾട്ടേജ് മാസിന് മുതിരാതെ ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രീതിയിൽ ഓരോ സംഭവങ്ങളെ അടുക്കിവെച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ശക്തി സൊല്യൂഷൻസ് എന്ന കമ്പനിയും ആ കമ്പനിയുടെ ഉത്പന്നമായ പെരിസ്കോപ്പ് എന്ന സ്പൈ സോഫ്റ്റ്‌വെയറുമാണ് ചിത്രത്തിലെ പ്രധാനവില്ലന്മാർ. പ്രധാനകഥാപാത്രങ്ങൾ എങ്ങനെ ഈ രണ്ട് ഘടകങ്ങളുമായി ബന്ധപ്പെടുന്നു എന്നുള്ളിടത്താണ് ചിത്രത്തിന്റെ മർമമിരിക്കുന്നത്. സ്പൈ സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഒരു സാധാരണക്കാരന്റെ സ്വകാര്യതയിലേക്ക് അതിക്രമിച്ചെത്തുന്നു എന്നത് അല്പം ഭയം ജനിപ്പിക്കുന്ന രീതിയിൽത്തന്നെ ചിത്രീകരിക്കാൻ അണിയറപ്രവർത്തകർക്കായിട്ടുണ്ട്.

ഡോ. ഡാനിയൽ ജെയിംസായെത്തുന്നത് മമ്മൂട്ടിയാണ്. റഹീം നായിക് ആയി മോഹൻലാലുമെത്തുന്നു. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഡാനിയലും റഹീമും തമ്മിലുള്ള സൗഹൃദവും പോരാട്ടവീര്യവും ഉൾക്കൊള്ളുന്ന രംഗങ്ങൾ കാണേണ്ട കാഴ്ചതന്നെയാണ്. കുഞ്ചാക്കോ ബോബന്റെ മൈക്കിളും ഫഹദ് ഫാസിലിന്റെ ശക്തിയും കഥാഗതിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. രാജീവ് മേനോൻ, രേവതി, നയൻതാര, സെറിൻ ഷിഹാബ്, ഇന്ദ്രൻസ്, ഗീതി സംഗീത എന്നിവർക്കെല്ലാം കഥാഗതിയിൽ വ്യക്തമായ റോളുകളുണ്ടായിരുന്നു. 

മനുഷ് നന്ദന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ദിലീപ് സുബ്ബരായൻ-സ്റ്റണ്ട് സിൽവ-മാഫിയ ശശി-റിയാസ് ഹബീബ്-മഹേഷ് മാത്യു ടീമിന്റെ സംഘട്ടനരംഗങ്ങളും കഥാപശ്ചാത്തലത്തിന് ഇണങ്ങുന്നതായിരുന്നു. ഈ ഡിജിറ്റൽ യുഗത്തിൽ സാധാരണക്കാർ അറിഞ്ഞോ അറിയാതെയോ അഭിമുഖീകരിക്കുന്ന വ്യക്തി സുരക്ഷാ പ്രശ്നങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചു എന്നതിൽ ടീം പേട്രിയറ്റിന് അഭിമാനിക്കാം. താരപ്രകടനങ്ങൾകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണരീതികൊണ്ടും കയ്യടിയർഹിക്കുന്നുണ്ട് പേട്രിയറ്റ്.