കൊച്ചി: ആഗോള വിനോദ-മാധ്യമ വ്യവസായ രംഗത്ത് ഏറ്റെടുക്കൽ യുദ്ധത്തിന് തിരികൊളുത്തി അമേരിക്കൻ ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ പാരമൗണ്ട് സ്‌കൈഡാൻഡ് (പാരമൗണ്ട് പിക്‌ചേഴ്‌സ്). നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാർണർ ബ്രദേഴ്‌സിനെ 10,840 കോടി ഡോളറിന് (ഏതാണ്ട് 9.75 ലക്ഷം കോടി രൂപ) ഏറ്റെടുക്കാനുള്ള ബിഡ് സമർപ്പിച്ചിരിക്കുകയാണ് പാരമൗണ്ട്. വാർണർ ബ്രദേഴ്‌സിനെ 7,200 കോടി ഡോളറിന് (ഏതാണ്ട് 6.48 ലക്ഷം കോടി രൂപ) സ്വന്തമാക്കുമെന്ന് വീഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ബദൽ വാഗ്ദാനവുമായി പാരമൗണ്ട് എത്തിയിരിക്കുന്നത്.

To advertise here,

പൂർണമായും പണം നൽകിക്കൊണ്ടുള്ള ഏറ്റെടുക്കലാണ് പാരമൗണ്ടിന്റെ വാഗ്ദാനം. നെറ്റ്ഫ്ലിക്സിന്റെ ഓഫർ പണവും നെറ്റ്ഫ്ലിക്സിൽ ഓഹരിയും അടങ്ങുന്നതായിരുന്നു.

വാർണർ ബ്രദേഴ്‌സിന്റെ ഫിലിം സ്റ്റുഡിയോ, ടെലിവിഷൻ പ്രവർത്തനങ്ങൾ, എച്ച്ബിഒ, എച്ച്ബിഒ മാക്സ് ചാനലുകൾ, സ്ട്രീമിങ് വിഭാഗം എന്നിവ ഉൾപ്പെടെയായിരുന്നു വിൽപ്പനയ്ക്കു െവച്ചത്. ഗെയിം ഓഫ് ത്രോൺസ് ടിവി സീരീസ്, ഡിസി കോമിക്സ്, ഹാരി പോർട്ടർ എന്നിവയും ഇടപാടിൽ പെടും. പുതിയ നീക്കത്തോടെ, വാർണർ ബ്രദേഴ്‌സിന്റെയും പാരമൗണ്ടിന്റെയും ഓഹരിവില തിങ്കളാഴ്ച കുതിച്ചുയർന്നു. അതേസമയം, നെറ്റ്ഫ്ളിക്സിന്റെ ഓഹരി വില ഇടിഞ്ഞു.

തുടക്കം തിയേറ്റർ ബിസിനസിൽ

: പോളണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ജൂതകുടുംബത്തിൽ പിറന്ന ഹാരി, ആൽബർട്ട്, സാം, ജാക്ക് വാർണർ സഹോദരന്മാർ സിനിമാ തിയേറ്റർ ബിസിനസ് തുടങ്ങിക്കൊണ്ട് ബിസിനസിൽ അരങ്ങേറ്റം കുറിച്ചു. 1903-ലായിരുന്നു അത്. തൊട്ടടുത്ത വർഷം ചലച്ചിത്ര വിതരണ രംഗത്തേക്ക് ചുവടുവെച്ചു. 1923 ഏപ്രിൽ നാലിനായിരുന്നു വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് എന്ന പേരിലുള്ള കമ്പനിക്ക് തുടക്കമിട്ടത്. പിൽക്കാലത്ത് കമ്പനിയുടെ ഉടമസ്ഥത പലതവണ മാറിമറിഞ്ഞു.