ട്രെയിൻ പുറപ്പെടുന്ന സമയത്തിലുണ്ടായ മാറ്റം യാത്രക്കാരനെ വ്യക്തിഗതമായി അറിയിക്കാതിരുന്നതിന് റെയിൽവേയ്ക്കും ഐ.ആർ.സി.ടി.സിക്കും പിഴ. സമയക്രമം മാറിയതിനെ തുടർന്ന് വിമാനമാർഗം യാത്ര ചെയ്യേണ്ടിവന്ന സംഭവത്തിൽ, യാത്രക്കാരന് ടിക്കറ്റ് തുകയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. ടിക്കറ്റ് തുകയായ 10,620 രൂപയും കേസ് ചെലവിനത്തിൽ 5,000 രൂപയുമടക്കം 15,620 രൂപയാണ് നൽകേണ്ടത്.

To advertise here,

പൊതുഅറിയിപ്പുകൾ നൽകി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുന്നതിനു പകരം, സേവനത്തിലെ മാറ്റം വ്യക്തിഗതമായി അറിയിക്കാൻ ബാധ്യതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. യാത്രക്കാരന് നൽകേണ്ട സേവനത്തിൽ വീഴ്ച വരുത്തിയതിന് റെയിൽവേ, ഐ.ആർ.സി.ടി.സി. എന്നിവർ ചേർന്നാണ് ഈ തുക കൈമാറേണ്ടത്. സമയം മാറിയതിനെ തുടർന്ന് ഉയർന്ന തുക നൽകി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരൻ പരാതി നൽകിയത്.

ടിക്കറ്റിൽ രേഖപ്പെടുത്തിയ സമയത്തിന് മുമ്പേ പരാതിക്കാരനും കുടുംബവും ഗോവയിലെ മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ടൈംടേബിൾ പുതുക്കിയതിനെ തുടർന്ന് ട്രെയിൻ രണ്ടു മണിക്കൂർ മുമ്പേ പോയെന്ന മറുപടിയാണ് സ്റ്റേഷനിൽ ലഭിച്ചത്. സമയക്രമം അറിയിക്കേണ്ട ചുമതല ടിക്കറ്റ് ബുക്കിങ് ഏജൻസിയായ ഐ.ആർ.സി.ടി.സിക്കാണെന്ന് പറഞ്ഞ് സ്റ്റേഷൻ മാസ്റ്റർ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് കൃത്യസമയത്ത് ഡൽഹിയിലെത്താൻ വലിയ തുക നൽകി വിമാനത്തിൽ യാത്ര ചെയ്യേണ്ടിവന്നു.

സംവിധാനങ്ങളുടെ ഏകോപനമില്ലായ്മ മൂലം ഉയർന്ന ചെലവിൽ ബദൽ മാർഗം സ്വീകരിക്കേണ്ടി വന്ന കുടുംബത്തിന് സാമ്പത്തിക നഷ്ടവും മനോവിഷമവും ഉണ്ടായതായി ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു.

കമ്മീഷന്റെ പ്രധാന നിരീക്ഷണങ്ങൾ:

  • യാത്രക്കാർക്ക് കൃത്യസമയത്ത് ഗുണനിലവാരമുള്ള സേവനം ലഭിക്കാൻ നിയമപരമായ അർഹതയുണ്ട്.
  • ഭരണവിഭാഗത്തിന്റെ കൃത്യവിലോപത്തിനും അനാസ്ഥയ്ക്കും യാത്രക്കാരെ ഇരയാക്കരുത്.
  • ട്രെയിൻ പുറപ്പെടുന്ന സമയത്തിൽ മാറ്റം വരുത്തുമ്പോൾ വ്യക്തിഗതമായി യാത്രക്കാരെ അറിയിക്കുന്നതിൽ പരാജയപ്പെടുന്നത് സേവനത്തിലെ വ്യക്തമായ വീഴ്ചയാണ്.