ചെന്നൈ: തിരു വികാ നഗറിലെ എൻ.ഡി.എ. സ്ഥാനാർഥി പോർകൊടി ആംസ്‌ട്രോങ്ങിന് വിജയാശംസ നേരാൻ പ്രശസ്ത സംവിധായകൻ പാ രഞ്ജിത് എത്തി. ദളിത് പ്രസ്ഥാനങ്ങളുടെ സഹയാത്രികൻകൂടിയായ രഞ്ജിത് നേരത്തേതന്നെ പോർകൊടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

To advertise here,

ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.) തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായിരിക്കേ കൊല്ലപ്പെട്ട കെ. ആംസ്‌ട്രോങ്ങിന്റെ ഭാര്യയായ പോർകൊടി ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. കഴിഞ്ഞവർഷം അവർ തമിഴ് മാനില ബഹുജൻ സമാജ് കക്ഷി എന്നപേരിൽ പുതിയ പാർട്ടിയുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ എൻ.ഡി.എ.യിൽ ചേരുകയും ചെയ്തു. തിരു വികാ നഗറിൽ ഡി.എം.കെ.യുടെ കെ.എസ്. രവിചന്ദ്രനും ടി.വി.കെ.യുടെ എം.കെ. പല്ലവിയുമാണ് അവരുടെ മുഖ്യ എതിരാളികൾ. ബി.ജെ.പി.യുടെ കടുത്ത വിമർശകനായിരുന്ന പാ രഞ്ജിത് എൻ.ഡി.എ. സ്ഥാനാർഥിക്ക് പിന്തുണപ്രഖ്യാപിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

തമിഴ്‌നാട്ടിലെ ദളിത് പ്രസ്ഥാനങ്ങളുടെ മുൻനിര നേതാവായിരുന്ന ആംസ്‌ട്രോങ് തന്റെ പണിനടക്കുന്ന വീടിനരികിൽവെച്ച് 2024 ജൂലായ് അഞ്ചിനാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം പൂർത്തിയാക്കിയ പ്രത്യേക പോലീസ് സംഘം 30 പ്രതികൾക്കെതിരേ 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, മദ്രാസ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും അന്വേഷണം സി.ബി.ഐ.യ്ക്കു വിടുകയും ചെയ്തു. ആംസ്‌ട്രോങ് വധക്കേസിലെ മുഖ്യപ്രതിയും അറിയപ്പെടുന്ന കുറ്റവാളിയുമായ പി. നാഗേന്ദ്രൻ മറ്റൊരു കേസിലെ ജയിൽശിക്ഷയ്ക്കിടെ മരിച്ചു. നാഗേന്ദ്രന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവും അഭിഭാഷകനുമായിരുന്ന അശ്വന്ഥമാൻ കേസിൽ മൂന്നാം പ്രതിയാണ്. പ്രതികളിൽ ഇവർക്കു പുറമേ ഡി.എം.കെ., അണ്ണാ ഡി.എം.കെ., ബി.ജെ.പി. പ്രവർത്തകരുണ്ട്.