ജയസൂര്യ നായകനായ ജിതിൻ കെ. ജോസ് ചിത്രം 'മായന്റെ' സംഗീത അവകാശം സ്വന്തമാക്കി അന്താരാഷ്ട്ര സംഗീത രംഗത്തെ പ്രമുഖ കമ്പനിയായ യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കമ്പനി വീണ്ടും ഒരു മലയാള സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഏറ്റെടുക്കുന്നത്. 2013-ലാണ് ഇതിന് മുൻപ് യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് മലയാള ചിത്രത്തിന്റെ സംഗീതാവകാശം സ്വന്തമാക്കിയത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
അന്താരാഷ്ട്ര തലത്തിൽ സംഗീത വിതരണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമുള്ള യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത് 'മായൻ ചാപ്റ്റർ 1'ന്റെ സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ചിത്രത്തിന്റെ സംഗീതാവകാശം സംബന്ധിച്ച വാർത്ത സിനിമാ-സംഗീത ലോകത്ത് ഏറെ ശ്രദ്ധ നേടുകയാണ്. 'ബിയോണ്ട് ദ ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ചിത്രത്തിന്റെ ആദ്യ ടീസർ ഉടൻ പുറത്തുവരുമെന്നാണ് സൂചന. ഏറെ നിഗൂഢത നിറഞ്ഞ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ ടൈറ്റിൽ വീഡിയോയും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടു. ടീസർ എത്തുന്നതോടെ ചിത്രത്തിന്റെ കഥാലോകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
'കളങ്കാവൽ' എന്ന ചിത്രത്തിനുശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'മായൻ ചാപ്റ്റർ 1'. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ വിജയചിത്രങ്ങൾ നിർമിച്ച രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന നിഗൂഢതകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം സിനിമയുടെ കഥാപരിസരമാകുമെന്ന റിപ്പോർട്ടുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുർമന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദാംശങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും 'മായൻ ചാപ്റ്റർ 1' എന്നാണ് പ്രതീക്ഷ.
ഛായാഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ലൈൻ പ്രൊഡ്യൂസർ: രോഹിത് ആർ. നായർ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, വരികൾ: രാജീവ് ഗോവിന്ദൻ, ജിതിൻ കെ. ജോസ്, കോ-റൈറ്റർ: ശ്രീഖിൽ ശ്രീനിവാസൻ, സ്റ്റിൽസ്: സിനത് സേവ്യർ, പ്രൊജക്ട് ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി.
Content Highlights: Universal Music Group acquired the music rights for Jayasurya starrer 'Maayan Chapter 1'. The international music label is returning to the Malayalam film industry after a 13-year hiatus. Directed by Jithin K. Jose, the mystery thriller stars Jayasurya as a police officer alongside Nyla Usha. Produced by Rajeev Govindan under Magic Moon Productions, the film is scheduled for a global release on December 3. The film's screenplay is co-written by Raffi and Jithin K. Jose, with music composed by Mujeeb Majeed.
Published: 03 Nov 2026, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented