ഹജ്ജിനുപോകും മുന്‍പ് വി.എ. മുഹമ്മദ് നേറ്റിപ്പറമ്പന്‍ മക്കളെയും മരുമക്കളെയും വീട്ടിലേക്ക് വിളിച്ചു. 'എനിക്ക് ഇനി വയ്യ. റേഷന്‍കട നിങ്ങളിലാരെങ്കിലും ഏറ്റെടുത്തു നടത്തണം'. പക്ഷേ, ഒരാള്‍പോലും മുന്നോട്ടുവന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുന്ന ഇളയമകന്‍ എന്‍.എം. ബാദുഷ വാപ്പയുടെ നിസ്സഹായാവസ്ഥകണ്ട് ആ ദൗത്യം ഏറ്റെടുത്തു. പിന്നെ, അരൂര്‍ ആഞ്ഞിലിക്കാട്ടുള്ള റേഷന്‍കടയിലിരുന്ന് ഒരുപാടുപേര്‍ക്ക് ബാദുഷ അരി നല്‍കി. അപ്പോഴും ആ പ്രീഡിഗ്രിക്കാരന്റെ മനസ്സുനിറയെ സിനിമയായിരുന്നു. കുഞ്ഞുന്നാളിലെ ആ ആവേശമാണ് റേഷന്‍കടക്കാരന്റെ ലേബലില്‍നിന്ന് ബാദുഷയെ മലയാള സിനിമാലോകം അറിയുന്ന നിര്‍മാതാവും നടനുമാക്കിയത്. 170-ഓളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചു.
കാശില്ലാതെ മുങ്ങി, സിനിമയില്‍ പൊങ്ങി
ബാദുഷയുടെ വാപ്പയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ചന്തിരൂര്‍ സെലക്ട് തിയേറ്റര്‍. അവിടെ സിനിമകണ്ടാണ് തുടക്കം. സിനിമകള്‍ കാണുന്തോറും അതിന്റെ വെള്ളിവെളിച്ചത്തില്‍ തെളിയണമെന്ന് ബാദുഷ മോഹിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഏറ്റെടുത്ത റേഷന്‍കട അതിന് ഒരു തടസ്സമായില്ല. കൂട്ടുകാരന്‍ ഷിജു അരൂരിനൊപ്പം (ഇപ്പോള്‍ സീരിയല്‍ സംവിധായകന്‍) ഡോക്യുമെന്ററിയും ടെലിഫിലിമുകളുമെടുത്തു. ദൂരദര്‍ശനില്‍ കിഴക്കിന്റെ വെനീസ് എന്ന ടെലിഫിലിം നിര്‍മിച്ചായിരുന്നു തുടക്കം. പിന്നെ ഒട്ടേറെ ആല്‍ബങ്ങളും സീരിയലുമെടുത്തു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അരൂരില്‍നിന്ന് മുങ്ങി. പിന്നെ എറണാകുളമായി തട്ടകം. സംവിധായകന്‍ കെ.കെ. ഹരിദാസുമായുള്ള അടുപ്പം ബാദുഷയ്ക്ക് തുണയായി. ഹരിദാസാണ് നിര്‍മാതാവായ ഹസീബ് ഹനീഫിനെ ബാദുഷയ്ക്ക് പരിചയപ്പെടുത്തുന്നത്. ഹസീബ് നിര്‍മിച്ച പൃഥ്വിരാജ് ചിത്രമായ വര്‍ഗത്തിലൂടെ അങ്ങനെ ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. സിനിമയില്‍ തിരക്കേറിയതോടെ കൂട്ടുകാരന്‍ തിലകന് റേഷന്‍കട നടത്തിപ്പിന്റെ ചുമതല കൈമാറി.
നിഴല്‍ മുതല്‍ വോയ്സ് ഓഫ് സത്യനാഥന്‍ വരെ
കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ നിഴല്‍ എന്ന സിനിമയിലൂടെയാണ് നിര്‍മാണത്തുടക്കം. ദീലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥന്റെയും നിര്‍മാതാക്കളിലൊരാളാണ് ബാദുഷ. വെടിക്കെട്ട്, മഹാറാണി തുടങ്ങിയ അഞ്ചുസിനിമകള്‍ നിര്‍മിച്ചു. പാര്‍ഥന്‍ കണ്ട പരലോകം, എബ്രഹാം ലിങ്കണ്‍, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെയാണ് അഭിനയിച്ചുതുടങ്ങിയത്. കമ്പം, സിന്‍ഡ്രല, കുറുനരി തുടങ്ങിയ ചിത്രങ്ങളാണ് നടനെന്ന നിലയില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
വ്യാജപതിപ്പില്‍ വേദന
വോയ്സ് ഓഫ് സത്യനാഥന്‍ റിലീസ് ചെയ്ത് വൈകുന്നേരം നാലുമണിയായപ്പോള്‍ ടെലഗ്രാമില്‍ സിനിമ വന്നു. അത് ഏറെ വേദനയുണ്ടാക്കി. അന്ന് അതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തി. കോടതിയടക്കം ഇത്തരം പ്രവണതകള്‍ക്കെതിരേ രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് ബാദുഷ പറയുന്നു.
കുടുംബം
കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം അരൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.എ. മുഹമ്മദ് നേറ്റിപ്പറമ്പനാണ് ബാദുഷയുടെ പിതാവ്. ഉമ്മ: സൈനബ. ഭാര്യ: മഞ്ജു. മക്കള്‍: സാഹിര്‍ ബാദുഷ, ഷിഫാ ബാദുഷ.
Content Highlights: NM Badusha production controller producer Interview, life story, Malayalam Cinema
Published: 08 Nov 2023, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented