ചരിത്രനീക്കത്തിലൂടെ വാര്‍ണര്‍ ബ്രദേഴ്‌സിനെ സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്. ഹോളിവുഡിന്റെ ഏറ്റവും പഴക്കം ചെന്നതും പേരുകേട്ടതുമായ സ്റ്റുഡിയോകളില്‍ ഒന്നിനെയാണ് ലോകത്തെ പ്രമുഖ പെയ്ഡ് സ്ട്രീമിങ് കമ്പനി വാങ്ങാനൊരുങ്ങുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്‌സ് ഓഹരി ഉടമകള്‍ക്ക് ഓരോ ഓഹരിക്കും 27.75 ഡോളര്‍ പണമായി നല്‍കും. നെറ്റ്ഫ്‌ളിക്‌സില്‍ ഓഹരിയും ലഭിക്കും. കരാറിന്റെ മൊത്തം ഓഹരി മൂല്യം 72 ബില്യണ്‍ (7200 കോടി) ഡോളറാണ്.

To advertise here,

നെറ്റ്ഫ്‌ളിക്‌സിന്റെ നാടകീയവും തന്ത്രപരവുമായ ചുവടുമാറ്റമാണ് ഈ നീക്കത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഇതുപോലൊരു വമ്പന്‍ ഇടപാട് അവര്‍ മുമ്പ് നടത്തിയിട്ടില്ല. ഈ നീക്കത്തിലൂടെ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കീഴിലുള്ള എച്ച്ബിഒ, എച്ച്ബിഒ മാക്‌സ് നെറ്റുവര്‍ക്കുകളുടെ ഉടമസ്ഥാവകാശവും നെറ്റ്ഫ്‌ളിക്‌സിലേക്ക് വന്നുചേരും. അതോടൊപ്പം നിരവധി ഹിറ്റ് ഷോകളുടെ ലൈബ്രറിയും, വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കാലിഫോര്‍ണിയയിലെ ബര്‍ബാങ്കിലുള്ള വിശാലമായ സ്റ്റുഡിയോകളും, 'ഹാരി പോട്ടര്‍', 'ഫ്രണ്ട്‌സ്' എന്നിവ ഉള്‍ക്കൊള്ളുന്ന വിപുലമായ ചലച്ചിത്ര, ടിവി ആര്‍ക്കൈവും അവര്‍ക്ക് സ്വന്തമാകും.ഒക്ടോബറിലാണ് വാര്‍ണര്‍ ബ്രദേഴ്‌സ് വില്‍പ്പനയ്ക്ക് നീക്കം തുടങ്ങിയത്. നെറ്റ്ഫ്‌ളിക്‌സിനെക്കൂൂതെ പാരമൗണ്ട് അടക്കമുള്ളവയും വാങ്ങാനുള്ള നീക്കം നടത്തിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സ് ആധിപത്യം പുലര്‍ത്തുന്ന സ്ട്രീമിങ് ലോകത്തേക്ക് കാഴ്ചക്കാര്‍ മാറുന്നതിനാല്‍ പരമ്പരാഗത ടിവി ബിസിനസ് പ്രതിസന്ധി നേരിടുകയാണ്. സമീപകാലത്ത് വാര്‍ണര്‍ ബ്രദേഴ്‌സിന്റെ കേബിള്‍ ടിവി നെറ്റ്വര്‍ക്ക്‌സ് വിഭാഗം വരുമാനത്തില്‍ 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കുകയും പരസ്യദാതാക്കള്‍ കൈയൊഴിയുകയും ചെയ്തതോടെയാണിത്. എന്നാല്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡിവിഡി റെന്റല്‍ കമ്പനിയായി സ്ഥാപിതമാകുകയും ഉപയോക്താക്കള്‍ക്ക് മെയില്‍ വഴി ഡിസ്‌കുകള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്ന നെറ്റ്ഫ്‌ളിക്‌സ് 2024 ല്‍ 39 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ ശക്തമായ ഉള്ളടക്കം നെറ്റ്ഫ്‌ളിക്‌സിന് വാള്‍ട്ട് ഡിസ്‌നി, പാരമൗണ്ട് സ്‌കൈഡാന്‍സ് പോലുള്ള എതിരാളികള്‍ക്ക് മേല്‍ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിക്കും.