ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ചരിത്രത്തിലാദ്യമായി രാജ്യതലസ്ഥാനമായ ന്യൂഡൽഹിക്ക് പുറത്ത് നടന്നേക്കും. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയുടെ റിപ്പോർട്ട്. രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

To advertise here,

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ വല്ലഭഭായ് പട്ടേലിന്റെ 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' സ്ഥിതി ചെയ്യുന്ന കെവാഡിയ, ഇപ്പോൾ ഏകതാ നഗർ എന്നാണ് അറിയപ്പെടുന്നത്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 597 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത്.

1954-ൽ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് നടന്നത്. അന്നുമുതൽ പുരസ്‌കാര വിതരണ ചടങ്ങ് വിജ്ഞാൻ ഭവനിലായിരുന്നു. എന്നാൽ ഇത്തവണ ഈ പതിവിനാണ് മാറ്റം വരുന്നത്. രാജ്യത്തെ പ്രധാനപരിപാടികളും ചടങ്ങുകളുമെല്ലാം ഗുജറാത്തിൽവെച്ച് നടത്തുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണവേദിയുടെ മാറ്റം.

ജൂലായിയിലാണ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ ചിത്രമായും ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിന് മമ്മൂട്ടിയും 'ചന്തു ചാമ്പ്യൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

വി.ഡി. സവർക്കറുടെ ബയോപിക്കായ 'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ നടനും സംവിധായകനുമായ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രമായ 'കൽക്കി 2898 എഡി' നേടി. ധനുഷ് നായകനായി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത തമിഴ് ചിത്രം 'ക്യാപ്റ്റൻ മില്ലർ' ദേശീയ- സാമൂഹിക- പരിസ്ഥിതി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.