തൃശ്ശൂർ: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളെ വിമർശിച്ച് നടൻ പ്രകാശ് രാജ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം കിട്ടാത്തത് അവർ മമ്മൂട്ടിയെപ്പോലൊരു നടനെ അർഹിക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. യുവതാരങ്ങളുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. മമ്മൂട്ടിയെ ഒരു മുതിർന്ന നടനായിട്ടല്ല കാണുന്നത്. അദ്ദേഹത്തിന്റെ പ്രകടനത്തിലെ നിയന്ത്രണത്തെ താൻ അസൂയയോടെയാണ് നോക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

To advertise here,

2024- ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിച്ച ജൂറിയുടെ അധ്യക്ഷനാണ് പ്രകാശ്. മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചശേഷം സംസാരിക്കവേയാണ് പ്രകാശ് രാജ് മമ്മൂട്ടിയെക്കുറിച്ചും ദേശീയ പുരസ്കാരങ്ങളേക്കുറിച്ചും തന്റെ അഭിപ്രായം പറഞ്ഞത്. ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി കൊണ്ടുവന്ന സൂക്ഷ്മഭാവങ്ങൾ വളരെ ശക്തമായിരുന്നു. യുവനടന്മാർക്ക് ഇപ്പോഴും ആ ഭാവപ്രകടനങ്ങളിൽ എത്തേണ്ടതുണ്ട്. നാലു സിനിമകളിൽ യുവനടന്മാർ മികച്ചുനിൽക്കാനായി നടത്തുന്ന ഒരു പരിശ്രമം കാണാമായിരുന്നു. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലുള്ള മഹാനടന്മാരുടെ സ്വാധീനമാണ് അതെന്നാണ് താൻ കരുതുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

"അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ മമ്മൂട്ടി കൊണ്ടുവരുന്ന സൂക്ഷ്മഭാവങ്ങൾ നോക്കുമ്പോൾ, എനിക്ക് അദ്ദേഹത്തോട് വലിയ അസൂയ തോന്നുന്നു. പ്രകടനങ്ങളിൽ അദ്ദേഹം കൊണ്ടുവരുന്ന നിയന്ത്രണം ഒരു പാഠമാണ്. യുവനടന്മാർ അദ്ദേഹത്തെ ആരാധിക്കുകയും പിന്തുടരുകയും ആ തലത്തിലെത്താൻ ശ്രമിക്കുകയുമാണ് വേണ്ടത്. ദേശീയ തലത്തിൽ അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നില്ല. ദേശീയ ചലച്ചിത്ര അവാർഡുകൾ കോംപ്രമൈസ്ഡ് ആണെന്ന് പറയാൻ എനിക്ക് മടിയില്ല. കേരളത്തിലെ ജൂറി ചെയർമാൻ ആകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം, അവർ എന്നെ വിളിച്ചപ്പോൾ പറഞ്ഞു, ഞങ്ങൾക്ക് അനുഭവപരിചയമുള്ള ഒരു പുറത്തുനിന്നുള്ള ആളെയാണ് വേണ്ടത്, ഞങ്ങൾ അതിൽ കൈകടത്തുകയില്ല, തീരുമാനമെടുക്കാൻ നിങ്ങളെ അനുവദിക്കും എന്ന്." പ്രകാശ് രാജിന്റെ വാക്കുകൾ.

ദേശീയ അവാർഡുകളിൽ അതല്ല സംഭവിക്കുന്നത്. അവാർഡ് കിട്ടുമ്പോൾ നമ്മൾ അത് കാണുന്നതാണല്ലോ, അതെന്താണെന്ന് നമുക്കറിയാം. അത്തരമൊരു ജൂറിയോ ദേശീയ സർക്കാരോ മമ്മൂക്കയെ അർഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് സംസാരം അവസാനിപ്പിച്ചത്.