ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി തമിഴ് ചിത്രം ‘അമരൻ’. മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് സുപ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

To advertise here,

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമിയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. സാങ്കേതിക വിഭാഗത്തിലും ‘അമരൻ’ കരുത്ത് തെളിയിച്ചു. ചിത്രത്തിന്റെ എഡിറ്റർ ആർ. കലൈവാണൻ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം നേടിയപ്പോൾ, ജി.വി. പ്രകാശ് കുമാറിന് ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിനും ദേശീയ പുരസ്കാരം ലഭിച്ചു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം, രാജ്യം മരണാനന്തര ബഹുമതിയായി നൽകിയ അശോകചക്ര ഏറ്റുവാങ്ങുന്ന മേജർ മുകുന്ദിന്റെ പത്നിയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസിന്റെ ഓർമകളിലൂടെയാണ് കഥ പറയുന്നത്. ഷിവ് അരൂർ, രാഹുൽ സിംഗ് എന്നിവർ രചിച്ച 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്.

കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ‘അമരനി’ൽ ശിവകാർത്തികേയനും സായി പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. തമിഴ് സിനിമാ ലോകത്തിന് അഭിമാനമായി മാറിയ 'അമരൻ', ദേശീയ തലത്തിൽ ശ്രദ്ധേയമായ അംഗീകാരമാണ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.