വിപ്ലവഗാനങ്ങൾ പലതുണ്ട്. പക്ഷേ 'ബലികുടീരങ്ങൾ' ഒന്നു മാത്രം. തലമുറഭേദമില്ലാതെ, ജാതിമതഭേദമന്യേ, പണ്ഡിതപാമരഭേദമന്യേ ഇന്നും മലയാളികളുടെ ചോര തിളപ്പിച്ചുകൊണ്ടിരിക്കുന്നു ആ സമരപുളകഗാനം -- എല്ലാ രാഷ്ട്രീയവിശ്വാസ പ്രമാണങ്ങൾക്കും അതീതമായി.

To advertise here,

വയലാർ - ദേവരാജൻ ടീമിന്റെ ഈ വിശ്രുത സമരഗാനത്തിന്റെ പിറവിയുടെ കഥ അന്വേഷിച്ച് പലരും വിളിക്കാറുണ്ട് ഇന്നും. 1957 ലെ എഐടിയുസി സമ്മേളനത്തിൽ ആലപിക്കാൻ വേണ്ടിയാണ് 'ബലികുടീരങ്ങൾ' സൃഷ്ടിക്കപ്പെട്ടത് എന്നാണ് വിക്കിപ്പീഡിയയുടെ ഭാഷ്യം. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരം നേടിയ ഒരു നിഗമനം.

യഥാർത്ഥത്തിൽ 'ബലികുടീരങ്ങൾ' പിറന്നുവീണ സാഹചര്യം എന്തായിരുന്നു? ഗാനത്തിന് സംഗീതം പകർന്ന ദേവരാജൻ മാസ്റ്ററുടെ വിശദീകരണം ഇങ്ങനെ:

"1957. 1857 ൽ നടന്ന ശിപായി ലഹളയുടെ നൂറാം വർഷം, അത് സമുചിതമായിത്തന്നെ ആഘോഷിക്കണമെന്ന് അന്നത്തെ കേരള സർക്കാർ -- അതായത് ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ -- തീരുമാനിച്ചു. പാളയത്ത് ഒരു രക്തസാക്ഷിമണ്ഡപം തീർക്കാനും അത് ഉദ്ഘാടനം ചെയ്യാൻ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിനെ ക്ഷണിക്കാനും അനുബന്ധമായി ഒരു കലാപരിപാടി നടത്താനും ബന്ധപ്പെട്ടവർ പരിപാടിയിട്ടു. കലാപരിപാടിയിലെ മുഖ്യ ഇനം ഒരു ചെറുനാടകമായിരുന്നു -- കർണ്ണൻ. അതെഴുതിയത് പൊൻകുന്നം വർക്കി. ഇതുകൂടാതെ സംഭവവുമായി ബന്ധപ്പെട്ട ഒരു ഗാനം അവതരിപ്പിക്കാനും ശ്രമമായി.

വയലാർ രാമവർമ ഗാനം എഴുതാനും ഞാൻ സംഗീതസംവിധാനം ചെയ്യാനും നിയുക്തരായി. രണ്ട് ഇനങ്ങളിലും -- നാടകത്തിലും ഗാനത്തിലും -- ബന്ധപ്പെട്ടവർ കോട്ടയത്ത് ബെസ്റ്റോട്ടലിൽ കൂടി, എഴുത്തും റിഹേഴ്‌സലും നടത്തി. അന്ന് എഴുതപ്പെട്ട ഗാനമാണ് ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകളിരമ്പും രണസ്മാരകങ്ങളേ, ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ.

ഇത് നൂറു പേരുള്ള ഒരു ഗായകസംഘം പാടണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും അത്രയും ഗായകരെ കിട്ടിയില്ല. എങ്കിലും ഒരു വലിയ ഗായകസംഘം തന്നെ പാടി. -- കെ.എസ്. ജോർജ്, സി.ഒ. ആന്റോ, മരട് ജോസഫ്, കെപിഎസി ജോൺസൺ, സുലോചന, കൊടുങ്ങല്ലൂർ ഭാഗീരഥി, കവിയൂർ പൊന്നമ്മ, തൃപ്പൂണിത്തുറ പുഷ്പവല്ലി തുടങ്ങി അനേകം ഗായകർ.

വളരെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനം പിന്നീട് കെപിഎസിയുടെ പേരിൽ റെക്കോർഡ് ചെയ്യപ്പെട്ടു പുറത്തുവന്നു. കെപിഎസി അക്കാലത്ത് അവതരിപ്പിച്ചിരുന്ന സംഘഗാനങ്ങളിൽ ഇതും ഉൾപ്പെടുത്തിയിരുന്നെങ്കിലും പലരും തെറ്റിദ്ധരിച്ചിരിക്കുന്നതു പോലെ കെപിഎസിയുടെ ഒരു നാടകത്തിന്റേയും അവതരണഗാനമായിരുന്നില്ല. കെപിഎസിക്ക് കെ.എസ്. ജോർജ്, സുലോചന, ജോൺസൺ ഉൾപ്പെട്ട ഒരു ഗായകസംഘം ഉണ്ടായിരുന്നതുകൊണ്ട് ഒ.എൻ.വിയും വയലാറും എഴുതിയിരുന്ന എല്ലാ നല്ല ഗാനങ്ങളും അവർ പാടി അവതരിപ്പിച്ചിരുന്നു."

സ്വന്തം കൈപ്പടയിൽ ദേവരാജൻ മാസ്റ്റർ എഴുതിയ ഓർമ്മക്കുറിപ്പുകളിലാണ് ഈ വെളിപ്പെടുത്തലുള്ളത്. വിയോഗത്തിന് മാസങ്ങൾ മാത്രം മുൻപ് തിരുവനന്തപുരത്തെ ഗവ ഗസ്റ്റ് ഹൗസിൽ വെച്ച് മാസ്റ്റർ കൈമാറിയ ആത്മകഥാപരമായ ഈ കുറിപ്പുകളിൽ വയലാറുമായുള്ള ആത്മബന്ധത്തെ കുറിച്ച് വിശദമായിത്തന്നെ എഴുതിയിട്ടുണ്ട് അദ്ദേഹം. "ലേഖനങ്ങൾ കൊള്ളാമെന്ന് തോന്നുകയാണെങ്കിൽ ഉപയോഗിക്കാം. ഇല്ലെങ്കിൽ ഉപേക്ഷിക്കാം. എന്തായാലും വായിച്ചുനോക്കാതിരിക്കരുത്" എന്ന നിബന്ധനയോടെ മാസ്റ്റർ വിളിച്ചുവരുത്തി ഏൽപ്പിച്ച ആ ഫയലുകൾ അമൂല്യനിധികളായി സൂക്ഷിക്കുന്നു ഇന്നും ഞാൻ.