
തെന്നിന്ത്യന്‍ താരം സാമന്ത റൂത് പ്രഭുവുമായുള്ള തന്റെ വിവാഹമോചനത്തിന് പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ നാഗചൈതന്യ. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ അപഹാസ്യമാണെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ നാഗചൈതന്യ വ്യക്തമാക്കി.
മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ക്കായി സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം മുതലെടുക്കുന്നതും ചൂഷണം ചെയ്യുന്നതും ലജ്ജാകരമാണ്. തങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ കാരണം പക്വതയുള്ള രണ്ട് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ ബഹുമാനത്തോടെയും സമാധാനത്തോടെയും എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും നാഗചൈതന്യ വ്യക്തമാക്കി. വിവാഹമോചനം വളരേയധികം വേദന നിറഞ്ഞ തീരുമാനമായിരുന്നു. എന്റെ കുടുംബത്തോടും മുന്‍ ഭാര്യയോടുമുള്ള ബഹുമാനം മൂലമാണ് ഇതുവരെ ഒന്നും മിണ്ടാതിരുന്നത്. നാഗചൈനത്യ കൂട്ടിച്ചേര്‍ക്കുന്നു.
Also Read
നേരത്തെ മന്ത്രിക്കെതിരെ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയും രംഗത്തെത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാ താരങ്ങളുടെ ജീവിതംകൊണ്ട് എതിരാളികളെ വിമര്‍ശിക്കരുതെന്നും നാഗാര്‍ജുന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ച നീണ്ട കുറിപ്പിലൂടെ സാമന്തയും തന്റെ പ്രതികരണം അറിയിച്ചിരുന്നു. കൊണ്ട സുരേഖയുടെ പേരെടുത്തു പറഞ്ഞാണ് സാമന്തയുടെ പ്രതികരണം. 'കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലര്‍ത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്.
എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തില്‍ ചിത്രീകരിക്കാന്‍ പാടില്ല. കൂടുതല്‍ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്'- എന്നാണ് സാമന്ത കുറിച്ചത്.
സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ ബി.ആര്‍ എസ് നേതാവ് കെ.ടി രാമറാവുവിന പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചുമാറ്റാതിരിക്കാന്‍ പകരമായി സാമന്തയെ തന്റെ അടുത്തേക്ക് അയയ്ക്കണമെന്ന് കെ.ടി.ആര്‍ ആവശ്യപ്പെട്ടുവെന്നും ഇത് സാമന്ത വിസമ്മതിച്ചതാണ് വിവാഹമോചനത്തിന് കാരണമായതെന്നുമായിരുന്നു മന്ത്രി ആരോപിച്ചത്. ഇത് വിവാദമായതോടെ മാപ്പ് പറഞ്ഞ് മന്ത്രി രംഗത്തെത്തുകയും ചെയ്തു. താരങ്ങളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയുന്നു. എന്നാല്‍ ഭാരത് രാഷ്ട്രസമിതി നേതാവായിട്ടുള്ള കെ.ടി രാമറാവുവിനെതിരെ താന്‍ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: naga chaitanya calls konda surekhas comments absolutely ridiculous and unacceptable
Published: 03 Oct 2024, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented