തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്ത റൂത് പ്രഭുവും വിവാഹമോചിതരായതിനു പിന്നില്‍ മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി.ആര്‍ എസ് നേതാവുമായ കെ.ടി രാമറാവുവിന് പങ്കുണ്ടെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തില്‍ പ്രതികരിച്ച് നടി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രതികരണം നടത്തിയത്.
കൊണ്ട സുരേഖയുടെ പേരെടുത്തു പറഞ്ഞാണ് സാമന്തയുടെ പ്രതികരണം. കുറിപ്പിങ്ങനെ:
ഒരു സ്ത്രീയാകാന്‍, പുറത്തിറങ്ങി ജോലിചെയ്യാന്‍, സ്ത്രീകളെ നിസ്സാരമായി പരിഗണിക്കുന്ന ഒരു ഗ്ലാമറസ് ഇന്‍ഡസ്ട്രിയില്‍ അതിജീവിക്കാനും പ്രണയത്തിലാകാനും പ്രണയത്തില്‍നിന്ന് പുറത്തുവരാനും, ഇപ്പോഴും എഴുന്നേറ്റു നില്‍ക്കാനും പോരാടാനും ഒരുപാട് ധൈര്യവും ശക്തിയും വേണം. മിസ്റ്റര്‍ കൊണ്ട സുരേഖ, എന്റെ യാത്രയില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിനെ നിസ്സാരവല്‍ക്കരിക്കരുത്. ഒരു മന്ത്രി എന്ന നിലയില്‍ താങ്കളുടെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം താങ്കൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയേക്കുറിച്ച് ഉത്തരവാദിത്വബോധവും ബഹുമാനവും പുലർത്തണമെന്ന് ഞാന്‍ താങ്കളോട് അഭ്യര്‍ഥിക്കുകയാണ്.
എന്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്. അതുസംബന്ധിച്ച ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനുള്ള ഞങ്ങളുടെ തീരുമാനത്തെ തെറ്റായവിധത്തിൽ ചിത്രീകരിക്കാൻ പാടില്ല. കൂടുതൽ തെളിച്ചുപറഞ്ഞാല്‍, വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെയും സൗഹാര്‍ദത്തോടെയും എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല.
രാഷ്ട്രീയ പോരിനായി എന്റെ പേര് ദയവായി ഉപയോഗിക്കരുത്. രാഷ്ട്രീയമില്ലാതെയാണ് ഞാന്‍ എക്കാലവും നിലകൊണ്ടിട്ടുള്ളത്, ഇനിയും അങ്ങനെ തുടരാനാണ് ഇഷ്ടപ്പെടുന്നത്- സാമന്ത കുറിച്ചു.
സാമന്ത- നാഗചൈതന്യ വിവാഹമോചനത്തില്‍ കെ.ടി.ആറിന് പങ്കുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോഴത്തെ വിവാദത്തിന് തിരികൊളുത്തിയത്. സംഭവം വിവാദമായതോടെ നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുന ഇത് നിഷേധിച്ചുകൊണ്ട് മന്ത്രിക്കെതിരേ രംഗത്തെത്തിയിരുന്നു. 'മന്ത്രി കൊണ്ട സുരേഖ നടത്തിയ പ്രതികരണത്തെ ശക്തമായി അപലപിക്കുന്നു. എതിരാളികളെ വിമര്‍ശിക്കാനായി രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന സിനിമാതാരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. ആളുകളുടെ സ്വകാര്യതയെ ബഹുമാനിക്കണം', എക്സില്‍ നാഗാര്‍ജ്ജുന കുറിച്ചു.

ഉത്തരവാദപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രതികരണങ്ങളും എന്റെ കുടുംബത്തിനെതിരേ നടത്തിയ ആരോപണങ്ങളും തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്താവന പിന്‍വലിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ സാമന്ത നിരന്തര സൈബര്‍ ആക്രമണം നേരിടുകയുണ്ടായി. അബോര്‍ഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിന്റെ പേരില്‍ സാമന്തയ്ക്കെതിരെ ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ചവരും ഏറെയാണ്.
തന്റെ കാര്യത്തില്‍ സ്‌നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളില്‍ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവര്‍ പറയുന്നത് തനിക്ക് പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- തന്നെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായി മുൻപ് സാമന്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
Content Highlights: Samantha responds Telegana minister Konda Surekha
Published: 03 Oct 2024, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented