
സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന വെളിപ്പെടുത്തലുമായി നിർമാതാവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുരളി കുന്നുംപുറത്തിന്റെ പേരിലാണ് സാമൂഹികമാധ്യമങ്ങളിൽ വീഡിയോ. ‘സുമതി വളവ്’ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, ‘നദികളിൽ സുന്ദരി യമുന’ സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് വീഡിയോയിൽ മുരളി കുന്നുംപുറത്ത് ഉന്നയിക്കുന്നത്.
'വെള്ളം സിനിമയിൽ ഉള്ളതുപോലെയൊന്നുമല്ല എന്റെ യഥാർഥ ജീവിതം. ഞാനൊരു സാധാരണ മനുഷ്യനാണ്. ഇപ്പോൾ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്. ബിസിനസിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിയിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാതെയായി', മുരളി കുന്നുംപുറത്ത് പറയുന്നു.
'ബിസിനസിൽ കുറേ പൈസ പോയി. ആൾക്കാരെ വിശ്വസിച്ച് കുറേ പൈസ പോയി. കമ്പനിക്കാർക്ക് കുറേ പൈസ കൊടുക്കാനുണ്ട്. അതിനിടയ്ക്ക് സിനിമയെടുത്തു. ‘വെള്ള’ത്തിൽ അവസാനം അതിന്റെ നിർമാതാവ് ആയിപ്പോയതാണ്. രണ്ടാമത് ‘നദികളിൽ സുന്ദരി യമുന’. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ... ഈ രണ്ടാളും കള്ളം പറഞ്ഞ് എന്റടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെ ആ സിനിമയെടുത്തു. അതിൽ രണ്ടുകോടി നഷ്ടം വന്നു. പിന്നീടാണ് ഇവർക്ക് സിനിമയൊന്നും അറിയില്ല, അസിസ്റ്റന്റ് ഡയറക്ടർ ഒന്നുമല്ലായിരുന്നു എന്നറിയുന്നത്. ഇതൊക്കെ നമ്മളോട് കളവ് പറഞ്ഞിട്ടാണ് വന്നത്', അദ്ദേഹം ആരോപിച്ചു.
'മൂന്നാമത് ‘സുമതി വളവ്’. എല്ലാവരുടേയും വിചാരം സിനിമ വലിയ വിജയമാണെന്നാണ്. എന്റെ ജീവിതം കൈവിട്ടുപോയി. എന്റെ മക്കളുടേയും ഭാര്യയുടേയും കൂടെ ജീവിച്ചു മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ, ഈ സിനിമ കാരണം ഏഴുകോടിയോളം നഷ്ടം വന്നു. എനിക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഇപ്പോൾ തന്നെയുണ്ട്. അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുന്നു. എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല. കടക്കാർ എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല. എല്ലാരും കൂടി എന്നെ... എനിക്ക് പറ്റുന്നില്ല. എന്നെ എല്ലാവരും ചതിച്ചു. പറ്റിച്ചു. എന്നെ ഇങ്ങനെ ആക്കി', മുരളി പറഞ്ഞു.
'ഇവരെല്ലാം കൂടെ എന്റെ ജീവിതം കളഞ്ഞു. ദൈവം അവർക്ക് മാപ്പുകൊടുക്കാൻ പാടില്ല. അവരിപ്പോൾ ഭാര്യയുടേയും മക്കളുടേയും കൂടെ സുഖമായി ജീവിക്കുന്നു. എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ, മരിക്കാൻ ധൈര്യമില്ല. പക്ഷേ, മരിച്ചേ പറ്റൂ. എനിക്ക് വേറെ വഴിയില്ല. എല്ലാവർക്കും മാപ്പ്. ഞാൻ കാരണം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിയിട്ടുണ്ട്. നിങ്ങളാരും ഒരിക്കലും കുടിക്കരുത്. എന്റെ അവസ്ഥ ഇങ്ങനെയൊക്കെയായിപ്പോയി. മാപ്പ് സുഹൃത്തുക്കളെ മാപ്പ്', അദ്ദേഹം വീഡിയോയിൽ പറയുന്നു.
Content Highlights: Producer Murali Kunnumpurath alleges a 7 crore financial loss due to the movie Sumathi Valavu. Serious accusations leveled against director Vishnu Shashi Shankar and screenwriter Abhilash Pillai. Claims of professional deception and financial mismanagement in film production. The producer expresses extreme distress and financial ruin in a viral video message. Calls for accountability from the film industry regarding production transparency
Published: 22 Apr 2026, 10:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented