'സുമതി വളവ്' എന്ന സിനിമ കാരണം തനിക്ക് ഏഴുകോടിയോളം നഷ്ടമുണ്ടായെന്ന നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. 'സുമതി വളവ്' സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, 'നദികളിൽ സുന്ദരി യമുന' സംവിധായകർ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ എന്നിവർക്കെതിരേ പേരെടുത്ത് മുരളി ആരോപണം ഉന്നയിച്ചിരുന്നു. മുരളിയെ പിന്തുണച്ച് നിർമാതാവ് വേണു കുന്നപ്പിള്ളിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രയാസകരവും വൈകാരികവുമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ കൂടെനിന്നവരേക്കുറിച്ച് പങ്കുവെക്കുകയാണ് മുരളി കുന്നുംപുറം. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിനിമാ മേഖലയിൽ നിന്ന് തനിക്കൊപ്പം നിന്നവരേക്കുറിച്ച് മുരളി കുറിച്ചത്.

To advertise here,

മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന് താൻ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്ന് മുരളി കുറിച്ചു. സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, തന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ തുടങ്ങിയവർ നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് അദ്ദേഹം പറയുന്നു. വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ തന്നെ വിളിച്ച് എല്ലാ പിന്തുണയും നൽകുന്നത് സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും മുരളി കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപത്തിലേക്ക്

കുറച്ച് ആഴ്ചകൾക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് - നമ്മൾ കരുതുന്നതിലുപരി മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന്.

സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ.. എല്ലാവരും നൽകിയ പിന്തുണയും സ്നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.

ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.

പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ എന്നെ വിളിച്ച് എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. നല്ല സമയത്ത് നമുക്കൊപ്പം നിൽക്കുവാൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയുന്നവർ വളരെ അപൂർവ്വമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവർ. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാൻ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു.

ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.

എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നത്.

നന്ദി.

മുരളി കുന്നുംപുറത്ത്