
താൻ വാഹനാപകടത്തിൽ മരിച്ചെന്ന് വ്യാജപ്രചാരണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഇൻസ്റ്റഗ്രാം സേർച്ച് റിസൾട്ടിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് വെളിപ്പെടുത്തൽ. വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെ തനിക്ക് അറിയാമെന്നും ഈശ്വരാനുഗ്രഹംകൊണ്ട് തനിക്കിപ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും അഭിലാഷ് പിള്ള പ്രതികരിച്ചു.
'ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കേ ആണോ, എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല. ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി. മൂന്നു ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായതുകൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല. ഇന്നുകൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടായിരുന്നു. ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാലുള്ള അവസ്ഥ. ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം. പക്ഷേ, പ്രതികരിക്കാൻ സമയമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈശ്വരാനുഗ്രഹംകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി.' അഭിലാഷ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.
മാളികപ്പുറം എന്ന ചിത്രത്തിന്റെ രചയിതാവായ അഭിലാഷ് പിള്ള 39-ാം വയസ്സിൽ അകാലത്തിൽ മരിച്ചുവെന്നും അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സ്ഥിരീകരിച്ചുവെന്നാണ് കുറിപ്പിനൊപ്പം പങ്കുവെച്ച സ്‌ക്രീൻഷോട്ടിലുള്ളത്. ഇൻസ്റ്റഗ്രാമിൽ അഭിലാഷ് പിള്ള എന്ന് സേർച്ച് ചെയ്താൽ ലഭിക്കുന്ന റിസൾട്ടെന്നാണ് സ്‌ക്രീൻഷോട്ടിൽനിന്ന് വ്യക്തമാവുന്നത്.
നേരത്തേ, അഭിലാഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി സുമതി വളവ് നിർമാതാവ് മുരളി കുന്നുംപുറത്ത് രംഗത്തെത്തിയിരുന്നു. അഭിലാഷും സംവിധായകൻ വിഷ്ണു ശശി ശങ്കറും ചേർന്ന് തന്നെ ചതിച്ചുവെന്നും ജീവിതം തകർത്തുവെന്നും നിർമാതാവ് ആരോപിച്ചു. മുരളിക്ക് പിന്തുണയുമായി മാളികപ്പുറം നിർമാതാവ് മുരളി കുന്നുംപുറത്തും രംഗത്തെത്തിയിരുന്നു. എന്നാൽ, തങ്ങൾക്കെതിരായ ആരോപണങ്ങൾക്കുപിന്നിൽ നടൻ ഉണ്ണി മുകുന്ദനാണെന്നായിരുന്നു അഭിലാഷിന്റെ മറുപടി.
Content Highlights: Screenwriter Abhilash Pillai debunked viral death rumors. The hoax claimed he died in a car accident at 39. Pillai confirmed he is safe and was recovering from illness. He expressed concern for his family's well-being due to the fake news. Pillai acknowledged the source of the rumors but chose not to pursue legal action currently
Published: 12 May 2026, 07:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented