രണബീർ കപൂറും യഷും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രാമായണ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതിയും സമയവും പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് മാറ്റിവെച്ചിരുന്നു. ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4.15-ന് ബ്രഹ്മമുഹൂർത്തത്തിൽ ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

To advertise here,

ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുതിയ തീയതിയും സമയവും പങ്കുവെച്ചത്. 'ഏറെ പവിത്രമായ ബ്രഹ്മമുഹൂർത്തത്തിൽ, 2026 ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4:15-ന് ട്രെയ്‌ലറിലൂടെ ഞങ്ങൾ രാമായണത്തിന്റെ പ്രഭാതത്തെ വരവേൽക്കുന്നു,' എന്ന് അദ്ദേഹം കുറിച്ചു.

നേരത്തെ ജൂലൈ 24-ന് ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, റിലീസ് അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. സോണി പിക്‌ചേഴ്‌സ് എന്റർടെയ്ൻമെന്റുമായി കൈകോർത്ത് ആഗോളതലത്തിൽ വലിയ രീതിയിൽ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ട്രെയ്‌ലർ റിലീസ് നീട്ടിയതെന്ന് നിർമാതാവ് വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ നടന്ന 'രാമായണം: പ്രഥം സങ്കൽപ്പ്' എന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട പ്രേക്ഷകർക്ക് മുന്നിൽ ട്രെയ്‌ലർ പ്രദർശിപ്പിച്ചിരുന്നു. സാന്റിയാഗോ കോമിക്- കോണിലും ട്രെയ്‌ലർ നേരത്തെ പ്രദർശിപ്പിച്ചു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിൽ രാമനായി രണബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യഷും വേഷമിടുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

നമിത് മൽഹോത്രയുടെ പ്രൊഡക്ഷൻ കമ്പനിയായ ഡി.എൻ.ഇ.ജി, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.