തിരുവനന്തപുരം: അമ്മ രോഗിയായ ശേഷം അനാഥമായ വീടെന്ന് മോഹൻലാൽ പറഞ്ഞിരുന്ന മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിലേക്ക് ശാന്തകുമാരി അമ്മയുടെ ഭൗതികശരീരം ബുധനാഴ്ച രാവിലെ എത്തിക്കും. ലാലിന്റെ അച്ഛൻ കെ.വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാകും അമ്മയ്ക്കും അന്ത്യവിശ്രമം.

To advertise here,

ബുധനാഴ്ച രാവിലെ കൊച്ചിയിൽനിന്നെത്തിക്കുന്ന ശാന്തകുമാരി അമ്മയുടെ മൃതശരീരം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. ലാലിന്റെ മൂന്നാം വയസ്സിൽ, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. ലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊേക്കഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽനിന്ന്‌ എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവം ലാൽ പങ്കുെവച്ചിട്ടുണ്ട്. പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹംനിറഞ്ഞ ഓർമ്മയാണ്.

12 കൊല്ലം മുൻപുണ്ടായ പക്ഷാഘാതത്തെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ വീട്ടിലേക്കു മാറിയത്. ലാലിലെ നടന്റെ ആദ്യഭാവങ്ങൾ തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ റിലീസായപ്പോൾ അച്ഛനും അമ്മയും ഒന്നിച്ചാണ് കാണാൻ പോയത്. വില്ലനായ ലാലിനെ കാണുമ്പോൾ, ‘അയ്യോ കാലൻ വരുന്നേ’ എന്ന് തിയേറ്ററിൽ ഉയർന്ന പരാമർശങ്ങൾ അമ്മയെ വേദനിപ്പിച്ചിരുന്നു. ടിവി തുറന്നാൽ നായകനും വില്ലനും നിഷ്കളങ്കനുമായി വരുന്ന മകന്റെ ഓർമച്ചിത്രം അമ്മയ്ക്ക് ആശ്വാസം നൽകി.

മാക്‌സിം ഗോർക്കിയുടെ വരികളിലൂടെയായിരുന്നു അമ്മയെ മോഹൻലാൽ നിർവചിച്ചത്. വേദനിക്കുമ്പോഴും ഭയപ്പെട്ടുപോകുമ്പോഴും എന്റെ മനസ്സ് അമ്മയുടെ കണ്ണിന്റെ സാന്ദ്രനീലിമയിൽ അഭയം കണ്ടെത്തും’ എന്നായിരുന്നു ആ വരികൾ.

ദുരിതം, ഒറ്റപ്പെടൽ എന്നിവയുടെ ലോകത്തു ജീവിച്ച സമീപവാസികളായ ഒട്ടേറെ കുട്ടികളെ ശാന്തകുമാരി അമ്മ മനസ്സുകൊണ്ടു ചേർത്തുപിടിച്ചിരുന്നു. അതിന് മോഹൻലാൽ ഒപ്പംനിന്നു. ‘ലാലൂ, അതൊരു പാവം കുട്ടിയാണ്, ആ കുട്ടിയെ നമുക്കു പഠിപ്പിക്കാം’ എന്ന അമ്മയുടെ വാക്കുകൾക്ക് എന്നും മകൻ കാതോർത്തു.

ശാന്തച്ചേച്ചി വരുന്ന ദിവസം, മൗനം കൂടുകെട്ടിയ, വിരുന്നുകാരുടെ തിരക്കൊഴിഞ്ഞ വീട്ടിൽ ചിരിയുടെ അലകൾ ഓളമിട്ടിരുന്നതായി പി.പദ്മരാജന്റെ ഭാര്യ രാധാലക്ഷ്മി അനുസ്മരിച്ചിട്ടുണ്ട്. ദീർഘകാലമായി അടഞ്ഞുകിടക്കുന്ന മുടവൻമുകളിലെ വീട്ടിൽ അച്ഛന്റെ കെസിടി 4455 എന്ന നമ്പറുള്ള അംബാസിഡർ കാർ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. പിന്നിലെ പറമ്പിലാണ് അമ്മയ്ക്ക് അന്ത്യവിശ്രമത്തിനു നിലമൊരുക്കുന്നത്. മോഹൻലാലിന്റെ സുഹൃത്ത് എം.ബി.സനിൽകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, വാർഡംഗം വി.ഗോപകുമാർ എന്നിവർ ഹിൽവ്യൂവിൽ അന്ത്യകർമങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നു.

ഇലന്തൂരിന്റെ ശാന്തകുമാരിയമ്മ

ഇലന്തൂർ: പുന്നയ്ക്കൽ തറവാടിന്റെ അകത്തളത്തിൽ അമ്മ ശാന്തകുമാരി പറഞ്ഞുകൊടുത്ത കഥകളും കവിതകളും കേട്ടാണ് മോഹൻലാൽ വളർന്നത്. പത്തനംതിട്ടയിലെ ഇലന്തൂരെന്ന ചെറിയ നാടിന് ഏറെ ഓർമ്മകൾ പകർന്നാണ് ശാന്തകുമാരി യാത്രയാകുന്നത്.

പുന്നയ്ക്കൽ തറവാട്ടിൽ പദ്മനാഭപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകളായി ജനിച്ച ശാന്തകുമാരി ഇലന്തൂരിൽനിന്ന് മാറിയത് വിവാഹശേഷമാണ്. ഭർത്താവ് വിശ്വനാഥൻനായർക്ക് സെക്രട്ടേറിയറ്റിൽ ജോലി കിട്ടിയശേഷമായിരുന്നു മാറ്റം. എങ്കിലും, അവധിസമയത്തെല്ലാം സ്ഥിരമായി വീട്ടിലേക്ക് എത്തിയിരുന്നു. രോഗബാധിതയായശേഷമാണ് വരവ് ഇല്ലാതായത്.

ഉരുളയുരുട്ടിത്തന്നതും അമ്മയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ നിമിഷങ്ങളെക്കുറിച്ചും പലതവണ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. മകൻ സിനിമയിലേക്ക് വരുന്നതിനോട്‌ ശാന്തകുമാരിയമ്മയ്ക്ക് താത്പര്യമില്ലായിരുന്നു. എന്നാൽ, മകന്റെ ആഗ്രഹത്തിന് എതിരുനിൽക്കാത്ത അമ്മ അതിന് സമ്മതം നൽകുകയായിരുന്നുവെന്ന് ബന്ധുക്കൾ ഓർക്കുന്നു.