വിദേശ ഷോകളിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം പങ്കെടുത്തതിന്റെ അനുഭവം പങ്കുവെച്ച് നടനും നർത്തകനുമായ റംസാൻ മുഹമ്മദ്. മോഹൻലാലിനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് റംസാൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിനുവേണ്ടി നൃത്തച്ചുവടുകൾ ഒരുക്കാൻ സാധിച്ചത് അനുഗ്രഹമായി കരുതുന്നതായും റംസാൻ കൂട്ടിച്ചേർത്തു.

To advertise here,

'നന്ദി- ജർമനി, അയർലൻഡ്, ലണ്ടൻ. ആയിരക്കണക്കിന് ആളുകൾക്കുമുന്നിൽ നൃത്തം ചെയ്യുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ലഭിക്കുന്നു. പ്രേക്ഷകരുടെ ഊർജം, അവരുടെ പ്രതികരണങ്ങൾ, അവർ ചൊരിയുന്ന സ്‌നേഹം എന്നിവ ഓരോ പ്രകടനങ്ങളും അവിസ്മരണീയമാക്കുന്നു. എന്നാൽ, ഇത്തവണത്തെ സന്തോഷം തീർത്തും വ്യത്യസ്തമായ തലത്തിലായിരുന്നു', റംസാൻ മുഖവുരയായി കുറിച്ചു.

'ഇതിഹാസതുല്യനായ നമ്മുടെ ലാലേട്ടനോടൊപ്പം സ്റ്റേജ് പങ്കിടാൻ ഭാഗ്യമുണ്ടായി. അതിലുപരിയായി അദ്ദേഹത്തിനുവേണ്ടി ചുവടുകൾ ഒരുക്കാൻ സാധിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്. എക്കാലത്തും ഓർമിക്കപ്പെടുന്ന ഒരു നിമിഷമാണിത്. എല്ലാത്തിലുമുപരി, പരിശീലനങ്ങൾക്കിടെ ലാൽസാറിനെ വീക്ഷിക്കുന്നതാണ് ഞാൻ ആസ്വദിച്ചത്. പരിശീലനം ചെയ്യുമ്പോഴും അവതരിപ്പിക്കുമ്പോഴും കുട്ടിയുടെ കൗതുകത്തോടും ആവേശത്തോടും കൂടിയാണ് അദ്ദേഹം ഓരോ ചുവടിനെയും സമീപിച്ചത്. ശ്രദ്ധയോടെ കേൾക്കും, ഓരോ സൂക്ഷ്മമായ കാര്യങ്ങൾക്കും പ്രാധാന്യം നൽകും, ഓരോ ചലനവും തന്റെ ആദ്യപാഠം പോലെ പഠിക്കും', റംസാൻ വിവരിച്ചു.

'കൂടുതൽ പ്രചോദിപ്പിക്കുന്ന മറ്റൊരു കാര്യമുണ്ട്. ദശാബ്ദങ്ങളുടെ അനുഭവസമ്പത്തും, അറിവും, ഈ രംഗത്ത് സമാനതകളില്ലാത്ത വൈദഗ്ധ്യവും ഉള്ള ഒരാളാണ് മോഹൻലാൽ സാർ. എന്നിട്ടും അദ്ദേഹം തുടക്കക്കാരന്റെ വിനയത്തോടും ആവേശത്തോടും കൂടി പഠനം തുടരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ലെജൻഡ് എന്നുവിളിക്കുന്നത്. ഈ അവിസ്മരണീയമായ അനുഭവങ്ങൾക്ക് നന്ദി ലാലേട്ടാ...', താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയായിരുന്നു മോഹൻലാലിന്റെയും സംഘത്തിന്റെയും സ്‌റ്റേജ് ഷോ. ജർമനി, അയർലൻഡ്, ലണ്ടൻ എന്നിവിടങ്ങളിൽ നടന്ന ഷോയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കെ.എസ്. ചിത്ര, ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, സ്വാസിക, സാനിയ അയ്യപ്പൻ, ജീവ, അഞ്ജു ജോസഫ്, വിധു പ്രതാപ് എന്നിവരും ഷോകളിൽ അണിനിരന്നു. മോഹൻലാൽ ചിത്രങ്ങളിലെ പാട്ടുകൾ, നൃത്തരൂപങ്ങൾ, സ്‌കിറ്റുകൾ എന്നിവയായിരുന്നു ഷോകളിൽ ഉണ്ടായിരുന്നത്.