മോഹന്‍ലാലുമായുള്ള വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നടി എസ്തര്‍ അനില്‍. മോഹന്‍ലാല്‍ അയച്ച രണ്ട് ചിത്രങ്ങളടങ്ങിയ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് എസ്തര്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലെ ക്യാപ്ഷനില്‍, മോഹന്‍ലാലിനെ ലാലങ്കിള്‍ എന്നാണ് എസ്തര്‍ വിശേഷിപ്പിക്കുന്നത്.

To advertise here,

ലാല്‍ അങ്കിള്‍ എന്ന നമ്പറില്‍നിന്ന് വന്ന സന്ദേശമാണ് എസ്തര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഷെയര്‍ ചെയ്തത്. മോഹന്‍ലാല്‍ അയച്ച ചിത്രങ്ങളില്‍ ഒന്ന് എഐ നിര്‍മിതവും മറ്റൊന്ന് യഥാര്‍ഥ ചിത്രവുമാണ്. എസ്തറിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മടിയില്‍ ഒരു കുരങ്ങ് ഇരിക്കുന്നതായി കൂട്ടിച്ചേര്‍ത്തതാണ് ചിത്രം. ചിത്രങ്ങള്‍ക്ക് പിന്നാലെ, 'ബ്യൂട്ടി ആന്‍ഡ് ബീസ്റ്റ്' എന്നും മോഹന്‍ലാല്‍ അയച്ചിട്ടുണ്ട്.

'ലാലങ്കിളിനൊപ്പം മറ്റൊരു ദിവസം കൂടി 'അതിജീവിക്കുന്നു'. എന്നെ രക്ഷിക്കൂ', എന്നാണ് ഒരു സ്റ്റോറിയിലെ ക്യാപ്ഷന്‍. 'ഒരേയൊരു മോഹന്‍ലാലിന്റെ കലാരൂപം' എന്ന്, എഡിറ്റ് ചെയ്ത ചിത്രം മാത്രമായി പങ്കുവെച്ച സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നു.

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ നടിയാണ് എസ്തര്‍ അനില്‍. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2010-ല്‍ 'നല്ലവന്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. 'ദൃശ്യ'ത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം ജോര്‍ജ് കുട്ടിയുടെ മകളുടെ വേഷത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധനേടിയത്. 'ഒരുനാള്‍വരും' എന്ന ടി.കെ. രാജീവ് കുമാര്‍ ചിത്രത്തിലും മോഹന്‍ലാലിന്റെ മകളുടെ കഥാപാത്രത്തെ എസ്തര്‍ അവതരിപ്പിച്ചിട്ടുണ്ട്. 'ദൃശ്യം 3'-ന്റെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ മോഹന്‍ലാലും എസ്തറും.