ഹിന്ദി ദൃശ്യം 3-യെ പ്രശംസിച്ച് നടൻ മോഹൻലാൽ. ജനപ്രിയ ചിത്രങ്ങളുടെ പരമ്പരയ്ക്ക് അനുയോജ്യമായ അന്ത്യമാണ് അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ചിത്രത്തെ താരം പ്രശംസിക്കുന്ന വീഡിയോ 'ദൃശ്യം: ദ കൺക്ലൂഷൻ' നിർമാതാക്കളാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

To advertise here,

'ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിന്റെ എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു', എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.

ഇന്ത്യയിലൊട്ടാകെ വൻതരംഗം സൃഷ്ടിച്ച ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി പതിപ്പിന്റെ അവസാന ഭാഗമാണ് 'ദൃശ്യം: ദ കൺക്ലൂഷൻ'. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് വൻപ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്.

അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായകൻ. മലയാളം പതിപ്പിന്റെ മൂന്നാംഭാഗത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് 'ദൃശ്യം: ദ കൺക്ലൂഷൻ'. മലയാളത്തിൽ ചിത്രത്തിന് നാലാം ഭാഗമുണ്ടാവുമെന്ന സൂചന നിർമാതാക്കൾ നൽകിയിരുന്നു. എന്നാൽ, ഹിന്ദിയിൽ ഫ്രാഞ്ചൈസി അവസാനിപ്പിക്കാൻ പോവുകയാണെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്.

അജയ് ദേവ്ഗണിന് പുറമേ ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ്, തബു, ശ്രിയ ശരൺ, രജത് കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. അഭിഷേക് പഥക്, ആമിൽ കിയാൻ ഖാൻ, പർവേസ് ഷെയ്ഖ് എന്നിവർ ചേർന്ന് എഴുതിയ ചിത്രം നിർമിച്ചിരിക്കുന്നത് അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്.