മലയാളികൾക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമായ നടിയാണ് മേഘ്നാ രാജ്. അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ് മേഘ്നയുടെ ഭർത്താവ്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ആ സമയത്ത് താൻ അനുഭവിച്ച വേദനയും അതിൽനിന്ന് എങ്ങനെ പുറത്തുകടന്നു എന്നും തുറന്നുപറഞ്ഞിരിക്കുകയാണ് മേഘ്ന. ജീവിതം വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും മോശമായി പെരുമാറിയവരുണ്ടെന്ന് അവർ പറഞ്ഞു. പൊതു ഇടത്തിൽ ചിരിക്കാൻ പോലും ഭയമായിരുന്നു. കുഞ്ഞ് ജനിക്കുന്നത് വരെ അവന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. എന്നാൽ കുഞ്ഞ് ജനിച്ചതോടെ ജീവിതം പല തരത്തിൽ മാറി. പലരുടേയും തനിനിറം താൻ കണ്ടുവെന്നും മേഘ്ന പറഞ്ഞു. റയാൻ മിഥുൻ അവതാരകനായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

“മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്. ഇന്ന് ഞാനവരു‌ടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.

ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോ‌ടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവെെവൽ ആയി മാറി. കുഞ്ഞിനെ ആരോഗ്യത്തോ‌ടെ ജന്മം നൽകാനുള്ള സർവെെവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.

പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.

ചിരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്. എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചിരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.

ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചി‌ട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.

2020 ജൂൺ 7-നാണ് നടൻ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന്‌ നാല് മാസം ശേഷമാണ്‌ ഇവർക്ക് മകൻ പിറന്നത്. മകന്റെ ജനനത്തിന് ശേഷം മേഘ്‌ന സോഷ്യൽ മീഡിയയിൽ സജീവമായി. തന്റെയും മകന്റെയും വിശേഷങ്ങളും ചിരഞ്ജീവിയെക്കുറിച്ചുള്ള ഓർമകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.