ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചി: മനുഷ്യരുടെ രാഷ്ട്രീയം പറയുന്ന, മനുഷ്യപക്ഷത്തു നിൽക്കുന്ന സിനിമകളാണ് ടി.വി. ചന്ദ്രന്റേതെന്ന് നടൻ മമ്മൂട്ടി.സംവിധായകൻ ടി.വി. ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ‘ഓർമ്മകളുണ്ടായിരിക്കണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുകയെന്ന ആഗ്രഹത്തിൽ സിനിമ കാണുന്ന കാലത്ത് ടി.വി. ചന്ദ്രന്റെ സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി ശ്രമിച്ചിട്ടുണ്ട്’- മമ്മൂട്ടി പറഞ്ഞു. അന്നൊക്കെ വീട്ടിലുള്ള ആളുകളോട് ഒഴികെ ബാക്കിയെല്ലാവരോടും ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷം പാരലലെന്നും ന്യൂ വേവ് എന്നും അത്യാധുനിക സിനിമയെന്നുമൊക്കെ പേരിട്ട് വിളിക്കുന്ന സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിച്ചു. അത്തരം സിനിമകളിൽ അഭിനയിക്കാൻ കിട്ടിയ അവസരമൊന്നും വേണ്ടെന്ന് വെച്ചിട്ടില്ല. ആഗ്രഹിച്ചതുപോലെ പിന്നീട് ടി.വി. ചന്ദ്രൻ ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രവർത്തിക്കാനായെന്നത് ഭാഗ്യമാണെന്നും മമ്മൂട്ടി പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകവും എറണാകുളത്തെ ഫിലിം സൊസൈറ്റികളും ചേർന്നാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കലാപകാരിയായ ചലച്ചിത്ര പ്രവർത്തകനാണ് ടി.വി. ചന്ദ്രനെന്ന് സംവിധായകൻ കമൽ പറഞ്ഞു. ജീവിതത്തിലും സിനിമയിലും ഒരുപോലെ കലാപകാരിയായി തുടരുന്നുവെന്നതാണ് ടി.വി. ചന്ദ്രനെ വ്യത്യസ്തനാക്കുന്നതെന്നു നടൻ ജോയ് മാത്യു പറഞ്ഞു.
കുറ്റക്കാരനാണെന്ന് സമൂഹത്തിന്റെ മുന്നിൽ പറയുകയും കുറച്ചുനാൾ കൊണ്ടാടുകയും ചെയ്തശേഷം തിരിച്ചുവന്നപ്പോൾ ഒരു അപകർഷതാബോധം ഉണ്ടായിരുന്നെന്നും അന്ന് ആത്മവിശ്വാസം നൽകി മുന്നോട്ടുനയിച്ചത് ടി.വി. ചന്ദ്രനാണെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
അൻപത് വർഷങ്ങൾ സിനിമയ്ക്ക് നൽകിയത് വലിയ കാര്യമായി തോന്നിയിരുന്നില്ലെന്നും, എന്നാൽ ഇപ്പോൾ ഇത്രയുംപേർ നല്ല വാക്കുകൾ പറഞ്ഞപ്പോൾ അത് മോശമായിരുന്നില്ലെന്ന് തോന്നുന്നുവെന്നും ടി.വി. ചന്ദ്രൻ മറുപടി പ്രഭാഷണത്തിൽ പറഞ്ഞു. ‘ദൃശ്യതാളം ടി.വി. ചന്ദ്രൻ പ്രത്യേക പതിപ്പ് ’ നടൻ ഇർഷാദ് അലി ഷൈൻ ടോം ചാക്കോയ്‌ക്ക് നൽകി പ്രകാശിപ്പിച്ചു. ‘ടി.വി. ചന്ദ്രന്റെ സമ്പൂർണ തിരക്കഥകൾ’ പുസ്‌തകത്തിന്റെ കവർപ്പേജ് നടൻ ജോയ് മാത്യുവും പ്രകാശിപ്പിച്ചു. ടി.വി. ചന്ദ്രന്റെ ഭാര്യ രേവതിയെ നടി സജിത മഠത്തിൽ ആദരിച്ചു.
എഫ്.എഫ്.എസ്.ഐ. ജോയിന്റ് ജനറൽ സെക്രട്ടറി രാധാകൃഷ്‌ണൻ ചെറുവല്ലി അധ്യക്ഷനായി. ജോഷി മാത്യു, സുധീഷ്, ഇർഷാദ് അലി, പ്രിയങ്ക നായർ, സജിത മഠത്തിൽ, സണ്ണി ജോസഫ്, കെ.ജി. ജയൻ, സന്തോഷ് തുണ്ടിയിൽ, വേണുഗോപാൽ, പട്ടണം റഷീദ്, സോഹൻ സീനുലാൽ, സന്ദീപ് പിള്ള, വി.കെ. ജോസഫ്, ചങ്ങമ്പുഴ സാംസ്‍കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ്, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ റീജണൽ സെക്രട്ടറി രജി എം. ദാമോദരൻ, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി.എ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Mammootty reveals he asked director T.V. Chandran for a film role during his early struggling days., The event 'Ormakalundayirikkanam' celebrated the 50-year film career of director T.V. Chandran., Mammootty expressed his long-held desire to be a part of parallel and new-wave cinema., Filmmakers Kamal, Joy Mathew, and Shine Tom Chacko also shared their experiences with T.V. Chandran.
Published: 02 Mar 2026, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented