അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് മോഹൻലാൽ. ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

To advertise here,

ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നിറങ്ങുന്നതായി വീഡിയോയിൽ കാണിക്കുന്നത്. തൊടുപുഴയ്ക്കടുത്ത് മാറികയിലെ വീട്ടിലാണ് ഷൂട്ടിങ്.

ഒക്ടോബർ 30-ന് കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങിയത് നവംബർ രണ്ടിന് തൊടുപുഴയിലെ ലൊക്കേഷനിലാണ്. തികച്ചും സാധാരണക്കാരന്റെ വേഷവിധാനത്തിലാണ് താരമുള്ളത്. പക്ഷേ, ഈ കഥാപാത്രത്തിന്റെ പിന്നിൽ അനൂപ് സത്യൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്തൊക്കെയാണെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

L368 എന്നാണ് ചിത്രത്തിന് താത്കാലികമായി നൽകിയിരിക്കുന്ന പേര്. മോഹൻലാലിന്റെ 368-ാം ചിത്രമാണിത്. ടൈറ്റിലിലെ എൽ എന്നത് സൈൻ ലാങ്ക്വേജിൽ ലൗ എന്നാണെന്ന് ചിത്രത്തിന്റെ ലോഞ്ചിങ് വേളയിൽ സംവിധായകൻ അനൂപ് സത്യൻ സൂചിപ്പിച്ചിരുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന ചിത്രം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബിനു ജോർജ് അലക്സാണ്ടറാണ് നിർമിക്കുന്നത്. 'ചിത്രം ഏത് ജോണറിലുള്ളതാണെന്ന് പറയാൻ കഴിയില്ല. പ്രണയവും ഇമോഷണൽ ഡ്രാമയും നർമവും ആക്ഷനുമെല്ലാം ചിത്രത്തിന് അകമ്പടിയായുണ്ട്', അനൂപ് സത്യൻ പറഞ്ഞു.

വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം നടക്കും. കൊച്ചി, ഇടുക്കി, മംഗളൂരു ഉൾപ്പെടെ കർണാടകയുടെ നിരവധി സ്ഥലങ്ങളും ചിത്രത്തിൽ പ്രധാന പശ്ചാത്തലമാകുന്നുണ്ട്. മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് കണ്ടെത്തിയ മൂന്ന് തിയേറ്റർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ആശിർവാദ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ഇവ, തെന്നൽ, മുകേഷ്, അജു വർഗീസ്, സംഗീത് പ്രതാപ്, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഗാനങ്ങൾ: കൈതപ്രം, സംഗീതം: ജേക്ക്‌സ് ബിജോയ്, ഛായാഗ്രഹണം: ഷഹ്നാസ് ജലാൽ, കലാസംവിധാനം: പ്രശാന്ത് മാധവൻ, കോസ്റ്റ്യൂം ഡിസൈൻ: സുജിത് സുധാകർ, മേക്കപ്പ്: സജീവ് സജി, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, വി.എഫ്.ക്സ്: വിഷ്ണു പിഷാരടി, ആക്ഷൻ: സ്റ്റണ്ട് സെൽവ, ഡിസൈൻ: ഏസ്തറ്റിക്ക് കുഞമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അതുല്യ മധു, പ്രൊഡക്ഷൻ മാനേജർ: ആദർശ് ലൈല സുന്ദർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടൻ, ധനേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, പി.ആർ.ഒ: വാഴൂർ ജോസ്.