മമ്മൂട്ടി സിനിമാ തിരക്കുകളിലേക്ക് കടക്കുന്നു എന്ന വാർത്ത സ്ഥിരീകരിച്ച് നിർമാതാവ് ആന്റോ ജോസഫ്. താൻ നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തിരിച്ചുവരുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഒക്ടോബർ ഒന്നിന് ഹൈദരാബാദിലായിരിക്കും മമ്മൂട്ടിയുടെ രംഗങ്ങൾ ചിത്രീകരിക്കുക. പ്രാർത്ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.' ആന്റോ ജോസഫ് അറിയിച്ചു.

ഓഗസ്റ്റ് 19-നാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനായി എന്ന വാർത്ത എത്തിയത്. മോഹൻലാൽ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് ആശംസകളർപ്പിരുന്നു. മമ്മൂട്ടിയുടെ ബിഗ് സ്ക്രീൻ തിരിച്ചുവരവിനായി അന്നുമുതലേ ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്. ഹൈദരാബാദ്, ലണ്ടൻ, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനുള്ളത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലുമായിരുന്നു.

17 വർഷത്തിനുശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. പാട്രിയറ്റ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോർട്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.