മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റുകളൊരുക്കിയ സംവിധായകനാണ് കെ. മധു.

മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയുമായുള്ള സൗഹൃദത്തേക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ കെ. മധു. ആശാനേ എന്നാണ് താൻ അന്നും ഇന്നും മമ്മൂട്ടിയെ അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പടയോട്ടം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ആദ്യമായി കാണുന്നത്. നാലുപതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റിൽവെച്ച് കൈ കൊടുത്തപ്പോൾ സംസാരിച്ച അതേ ഊഷ്മളത തന്നെയാണ് ഇന്നും ഒരു ടെലിഫോൺ വിളിയിൽ മമ്മൂട്ടിയുടെതായി മറുതലക്കൽ നിന്ന് കേൾക്കുകയെന്നും കെ. മധു കൂട്ടിച്ചേർത്തു. മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
കെ. മധുവിന്റെ കുറിപ്പ്
കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തിൽ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സർഗ്ഗാത്മകത ഞാൻ നാൽപതു വർഷമായി കാണുകയാണ്. അതിനുമെത്രയോ വർഷങ്ങൾക്കു മുന്നേ ഞങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിച്ചിരുന്നു...
മധു സാറിനോടൊപ്പം പടയോട്ടത്തിന്റെ സെറ്റിൽ 1982 ൽ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാൻ സഹായി ആയി പോയതാണ്. ഞങ്ങൾ മലമ്പുഴയിലെ ലൊക്കേഷനിൽ ചെല്ലുമ്പോൾ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെട്ടതാണ് മമ്മൂട്ടി. സഹസംവിധായകൻ മധു വൈപ്പിൽ അല്ലേ എന്ന് എന്നോട് ചോദിച്ചു. ആദ്യ കാഴ്ചയിൽ തന്നെ വലിയൊരു സൗഹൃദത്തിന്റെ തുടക്കം അന്നേ അറിഞ്ഞിരുന്നു. എന്നാൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ആദ്യം കാണുന്നത് എം. കൃഷ്ണൻ നായർ സാറിൻ്റെ പടത്തിന്റെ ലൊക്കേഷനിൽ പാലക്കാടുവച്ചാണ്.
പിന്നീട് മണിയറ, മണിത്താലി തുടങ്ങിയ ചിത്രങ്ങളിൽ അക്കാലത്ത് സഹകരിച്ചു. ആദ്യം മുതൽ തന്നെ മമ്മൂട്ടിയെ ആശാനെ എന്നാണ് ഞാൻ വിളിച്ചിരുന്നത്. ഇതെങ്ങനെ തുടങ്ങി എന്ന് എനിക്കും മമ്മൂട്ടിക്കും ഓർമ്മയില്ല. അന്നും ആശാനേ എന്നു വിളിച്ചു ഇന്നും ആശാനെ എന്നു വിളിക്കുന്നു. ആ സൗഹൃദത്തിന്റെ ആഴം തിരിച്ചറിയണമെങ്കിൽ ആ വിളികൾക്കുള്ള ഹൃദയംതൊട്ടുള്ള പ്രതികരണങ്ങൾ കേൾക്കണം. അന്നുതൊട്ട് ചെറിയ പരിഭവങ്ങളും ഇണക്കവും പിണക്കവും ഒക്കെയായി ആണ് ഈ കാണുന്ന എല്ലാ സിനിമകളും ഞങ്ങൾ ചെയ്തത്.
എന്റെ ആദ്യ സിനിമ ആയ മലരും കിളിയും തൊട്ട് തമിഴ് ചിത്രമായ മൗനം സമ്മതം തുടങ്ങി ആ ബന്ധം തളിർത്തു പന്തലിച്ചു. മമ്മൂട്ടിയുടെ ആദ്യ തമിഴ് സിനിമയാണ് മൗനം സമ്മതം. നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റിൽവെച്ച് കൈ കൊടുത്തപ്പോൾ സംസാരിച്ച അതേ ഊഷ്മളത തന്നെയാണ് ഇന്നും ഒരു ടെലിഫോൺ വിളിയിൽ മമ്മൂട്ടിയുടെതായി മറുതലക്കൽ നിന്ന് കേൾക്കുക. എന്തിനേറെ പറയുന്നു സേതുരാമയ്യർ എന്ന കഥാപാത്രത്തിനായി തുടർച്ചയായി അഞ്ചു സിനിമകൾക്കായി പല കാലത്തായി ഒപ്പം നിന്ന നടനാണ് മമ്മൂട്ടി. എന്റെയും എസ്.എൻ. സ്വാമിയുടെയും ഒപ്പം എക്കാലവും മമ്മൂട്ടി ഉണ്ടായിരുന്നിരുന്നു, ഇനിയും ഉണ്ടാവും. പ്രിയപ്പെട്ട 'ആശാന്' എന്റെ പിറന്നാൾ ആശംസകൾ!
മമ്മൂട്ടിയെ നായകനാക്കി മലയാളത്തിലും തമിഴിലും സൂപ്പർഹിറ്റുകളൊരുക്കിയ സംവിധായകനാണ് കെ. മധു. കെ. മധു-എസ്.എൻ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സിബിഐ ചലച്ചിത്ര പരമ്പര മലയാളസിനിമയിലെ തന്നെ നാഴികക്കല്ലാണ്. ചിത്രത്തിന്റെ അഞ്ചാം ഭാഗം 2022-ൽ പുറത്തിറങ്ങിയിരുന്നു. ഇതിനുപുറമേ മലരും കിളിയും, അടിക്കുറിപ്പ്, അടയാളം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദ ഗോഡ്മാൻ എന്നീ മലയാളചിത്രങ്ങളും മൗനം സമ്മതം എന്ന തമിഴ് ചിത്രത്തിലും ഇരുവരും ഒന്നിച്ചു.
Content Highlights: Renowned director K. Madhu penned a deeply nostalgic birthday note for Megastar Mammootty, reflecting on their 40-year bond since meeting on the sets of Padayottam in 1982 and collaborating on iconic classics like the CBI Series and Mounam Sammadham.
Published: 08 Sept 2026, 10:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented