മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളികള്‍ കേള്‍ക്കാന്‍ കൊതിച്ച ആ സന്തോഷവാര്‍ത്ത ഇതാ എത്തി. മമ്മൂട്ടി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി മമ്മൂട്ടി ഹൈദരാബാദിലേക്ക് തിരിച്ചു. ചെന്നൈയില്‍ നിന്നാണ് അദ്ദേഹം ഹൈദരാബാദിലേക്ക് പോകുന്നത്. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെ മടങ്ങിവരവ്.

To advertise here,

വിമാന മാര്‍ഗമാണ് മമ്മൂട്ടി ഹൈദരാബാദിലേക്ക് പോകുന്നത്. ഇതിനായി തന്റെ 369 നമ്പറിലുള്ള കാര്‍ സ്വയം ഓടിച്ചാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലെത്തിയത്. സണ്‍ ഗ്ലാസ് ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ക്യാമറകള്‍ക്കുനേരെ കൈവീശിക്കാണിച്ചുകൊണ്ടാണ് വിമാനത്താവളത്തിനകത്തേക്ക് കയറിപ്പോയത്.

പാട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തുക്കളായ നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. പാട്രിയറ്റ് എന്നായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്.