ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ യാത്രക്കാരൻ വിമാനം നീങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ഞായറാഴ്ച ഷാർജയിൽനിന്ന് ചെന്നൈയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലായിരുന്നു സംഭവം. വിമാനം ലാൻഡ് ചെയ്തശേഷം ടാക്‌സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്‌നാട് സ്വദേശിയായ 34-കാരൻ പുറത്തേക്ക് ചാടിയത്.

To advertise here,

യാത്രയ്ക്കിടയിൽ ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭപ്പെട്ട ഇയാൾ വിമാനം നിർത്തുന്നതിന് മുൻപ് പുറത്തേക്ക് ചാടുകയായിരുന്നു. യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻതന്നെ പൈലറ്റ് വിമാനം നിർത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ പിടികൂടുകയും ചോദ്യംചെയ്യലിനായി പോലീസിന് കൈമാറുകയും ചെയ്തു.

ഇതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിലെ പ്രധാന റൺവേ പുലർച്ചെ 03:23 മുതൽ 04:23 വരെ അടച്ചിട്ടു. ഈ സമയത്ത് വിമാനങ്ങൾ സെക്കൻഡറി റൺവേയിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

231 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരൻ പെട്ടെന്ന് വാതിൽ തുറന്ന് പുറത്തേക്ക് ചാടിയത് വിമാനത്തിനുള്ളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിമാനയാത്രയ്ക്കിടെ ഈ യാത്രക്കാരൻ അസ്വസ്ഥനായിരുന്നെന്നും രണ്ട് തവണ ഛർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശാരീരിക അസ്വസ്ഥതകൾ കാരണമാകാം ഇയാൾ ഇത്തരത്തിലുള്ള പ്രവൃത്തിക്ക് മുതിർന്നതെന്നാണ് വിലയിരുത്തൽ.