ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാള സിനിമാമേഖല പ്രതിസന്ധിയിലാണെന്ന് നിര്‍മാതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഫെബ്രുവരിയിലെ നഷ്ടക്കണക്കുകള്‍ കൂടി പുറത്തുവന്നിരിക്കുന്നത്.
ഫെബ്രുവരിയില്‍ ആകെ 17 സിനിമകളാണ് റിലീസായത്. ഇതില്‍ തടവ് എന്ന ചിത്രത്തിന്റെ കണക്കുകള്‍ ലഭ്യമല്ലെന്നാണ് സംഘടന പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്. ബാക്കി 16 സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും പട്ടികയിലുണ്ട്.
16 സിനിമകള്‍ക്കായി ആകെ 75.23 കോടി രൂപയാണ് മുതല്‍മുടക്കിയത്. എന്നാല്‍, ഈ സിനിമകളെല്ലാം തിയേറ്ററുകളില്‍നിന്ന് നേടിയത് വെറും 23.55 കോടി രൂപ മാത്രമാണ്.
ഫെബ്രുവരിയില്‍ റിലീസ് ചിത്രങ്ങളില്‍ നാലെണ്ണം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ബ്രോമാന്‍സ്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ചാട്ടുളി, ഗെറ്റ് സെറ്റ് ബേബി എന്നിവയാണ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതെന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്.
ഇഴ, ലവ് ഡേല്‍, നാരായണീന്റെ മൂന്നുമക്കള്‍ എന്നിങ്ങനെ മൂന്നുസിനിമകളാണ് ഫെബ്രുവരി ആറാം തീയതി മലയാളത്തില്‍ റിലീസായത്. ഇഴ എന്ന സിനിമയ്ക്ക് ആകെ 63.83 ലക്ഷം രൂപയായിരുന്നു ബജറ്റ്. എന്നാല്‍ തിയേറ്ററില്‍നിന്ന് 45,000 രൂപ മാത്രമാണ് ലഭിച്ചത്. 1.6 കോടി രൂപ മുടക്കി നിര്‍മിച്ച ലവ്‌ഡേലിന് പതിനായിരം രൂപ മാത്രമാണ് തിയേറ്ററില്‍നിന്ന് കിട്ടിയത്. നാരായണീന്റെ മൂന്നുമക്കള്‍ എന്ന സിനിമയ്ക്ക് 5.48 കോടി രൂപയായിരുന്നു ബജറ്റ്. ഈ ചിത്രത്തിന് തിയേറ്ററില്‍നിന്ന് 33.58 ലക്ഷം രൂപ കളക്ഷന്‍ കിട്ടി.
ബ്രോമാന്‍സ്, ദാവീദ്, പൈങ്കിളി എന്നീ ചിത്രങ്ങളാണ് ഫെബ്രുവരി 14-ന് റിലീസായത്. എട്ടുകോടി രൂപ മുടക്കിയ ബ്രോമാന്‍സിന് ഇതുവരെ നാലുകോടി രൂപ കളക്ഷന്‍ നേടാനായി. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഒമ്പതുകോടി രൂപ മുടക്കി നിര്‍മിച്ച ദാവീദ് മൂന്നരക്കോടിയാണ് തിയേറ്ററുകളില്‍നിന്ന് നേടിയത്. അഞ്ചുകോടി ബജറ്റില്‍ നിര്‍മിച്ച പൈങ്കിളി രണ്ടരക്കോടിയും കളക്ഷന്‍ നേടി.
ഫെബ്രുവരി 13-ന് റിലീസായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ ബജറ്റ് 13 കോടി രൂപയായിരുന്നു. ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 11 കോടി രൂപ കളക്ഷന്‍ കിട്ടി. നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞമാസം റിലീസ് ചെയ്ത ചിത്രങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രവും ഇതാണ്.
ഫെബ്രുവരി 21-ന് ചാട്ടൂളി, ഗെറ്റ് സെറ്റ് ബേബി, ഉരുൾ എന്നീ ചിത്രങ്ങള്‍ റിലീസ് ചെയ്തു. ചാട്ടുളി എന്ന ചിത്രം 3.4 കോടി രൂപ മുതല്‍മുടക്കിയാണ് നിര്‍മിച്ചത്. തിയേറ്ററുകളില്‍നിന്ന് കിട്ടിയത് വെറും 32 ലക്ഷം മാത്രമാണ്. 9.99 കോടി രൂപയായിരുന്നു ഗെറ്റ് സെറ്റ് ബേബിയുടെ ബജറ്റ്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തിന് ഇതുവരെ 1.40 കോടി രൂപ കളക്ഷന്‍ ലഭിച്ചു. 25 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ഉരുള്‍ എന്ന ചിത്രം നിര്‍മിച്ചത്. ഒരുലക്ഷം രൂപയാണ് ഈ സിനിമയുടെ തിയേറ്റര്‍ വിഹിതം.
5.12 കോടി രൂപ മുടക്കി നിര്‍മിച്ച മച്ചാന്റെ മാലാഖ എന്ന സിനിമയ്ക്ക് 40 ലക്ഷം രൂപയാണ് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്. 1.5 കോടി രൂപയ്ക്ക് നിര്‍മിച്ച ആത്മ സഹോ എന്ന ചിത്രത്തിന് വെറും 30,000 രൂപ മാത്രമാണ് തിയേറ്ററുകളില്‍നിന്ന് കിട്ടിയത്.
ഫെബ്രുവരി 28-ന് റിലീസായ അരിക് എന്ന സിനിമയുടെയും ബജറ്റ് ഒന്നരക്കോടി രൂപയായിരുന്നു. 55,000 രൂപയാണ് ഈ സിനിമയുടെ തിയേറ്റര്‍ വിഹിതം. അതേദിവസംതന്നെ റിലീസായ ഇടി മഴ കാറ്റ് എന്ന സിനിമയ്ക്ക് 5.74 കോടി രൂപയായിരുന്നു ബജറ്റ്. തിയേറ്ററുകളില്‍നിന്ന് 2.10 ലക്ഷം രൂപ മാത്രമാണ് ഈ സിനിമയ്ക്ക് കിട്ടിയത്.
ആപ് കൈസേ ഹോ എന്ന സിനിമയ്ക്ക് 2.50 കോടി രൂപയാണ് ചെലവായത്. തിയേറ്ററുകളില്‍നിന്ന് അഞ്ചുലക്ഷം രൂപ മാത്രമാണ് ഈ സിനിമ നേടിയത്. രണ്ടാംയാമം എന്ന സിനിമയ്ക്കും രണ്ടരക്കോടിയായിരുന്നു ബജറ്റ്. എന്നാല്‍ 80,000 രൂപയാണ് ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍നിന്ന് ലഭിച്ചത്.
Content Highlights: malayalam cinema theatre share report by kerala film producers association
Published: 19 Mar 2025, 05:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented