രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനംചെയ്ത തെലുങ്കുചിത്രം ഇരുമുടി സൂപ്പർ ഹിറ്റിലേക്ക്. മലയാളി ബാലതാരമായ നക്ഷത്രയാണ് ചിത്രത്തിൽ രവി തേജയ്ക്കൊപ്പം മുഖ്യവേഷത്തിൽ. നക്ഷത്രയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയാ കുറിപ്പുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താൻ തിരക്കഥയെഴുതിയ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന താരമായിരുന്നു നക്ഷത്രയെന്ന് അഭിലാഷ് പിള്ള കുറിച്ചു. എന്നാൽ അന്ന് പ്രായം കുറവായിരുന്നതിനാൽ നക്ഷത്രയ്ക്ക് അവസരം നഷ്ടമായി. ഇപ്പോൾ ഇരുമുടി വലിയ വിജയമായി മാറുമ്പോൾ നക്ഷത്രയുടെ മുഖത്തെ ചിരി കാണുന്നത് തനിക്ക് സന്തോഷമുണ്ടാക്കുന്നുവെന്നും അഭിലാഷ് പിള്ള കുറിച്ചു.

To advertise here,

അഭിലാഷ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപം:

തെലുങ്ക് സിനിമയായ ഇരുമുടി വലിയൊരു വിജയമായി മാറുമ്പോൾ, എനിക്ക് അതിനേക്കാൾ സന്തോഷം തരുന്നത് നക്ഷത്രക്കുട്ടിയുടെ മുഖത്തെ ഈ ചിരി കാണുന്നതാണ്. മാളികപ്പുറത്തിലേക്ക് കുട്ടികളെ ഓഡിഷൻ വിളിച്ചപ്പോൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകളിൽ ഒന്നായിരുന്നു നക്ഷത്രയുടേത്. പക്ഷേ അന്ന് പ്രായം കുറവായതിനാൽ ആ അവസരം അവൾക്ക് നഷ്ടമായി. അതിനുശേഷം പലപ്പോഴും എനിക്ക് വന്നിരുന്ന ഫോൺ കോളുകളിൽ ഒന്നായിരുന്നു നക്ഷത്രയുടെ അച്ഛന്റേത്.

മകളെ ഒരു നല്ല നടിയാക്കണമെന്നത് ആ മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അച്ഛന്റെ സ്വപ്നം സഫലമാക്കണമെന്ന വാശിയോടെ ആ പത്ത് വയസ്സുകാരി മുന്നോട്ട് നടന്നു. ഇന്നവൾ എത്തിനിൽക്കുന്നത് തെലുങ്കിലെ വലിയ വിജയങ്ങളിലൊന്നായി മാറുന്ന ഇരുമുടിയിലെ കേന്ദ്ര കഥാപാത്രമായാണ്. എല്ലാവരും അവളുടെ പ്രകടനത്തെ പുകഴ്ത്തുമ്പോൾ, അതിൽ എനിക്ക് കാണാൻ കഴിയുന്നത് മകളെ ഒരു നല്ല നടിയാക്കണമെന്നത് നടിയാക്കണമെന്നാഗ്രഹിച്ച ആ അച്ഛന്റെ വിജയമാണ്. അതിന് കൂടെ നിന്ന അമ്മയുടെയും. എപ്പോഴും നിഴലുപോലെ അവൾക്കൊപ്പം നിൽക്കുന്ന ആ അച്ഛൻ ഇന്ന് മകളെയോർത്ത് അഭിമാനിക്കുന്നുണ്ടാകും.

മാളികപ്പുറത്തിൽ നമ്മൾ കണ്ട അച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്റെ ഒരു യഥാർത്ഥ അനുഭവം എനിക്ക് നക്ഷത്രയിലൂടെയും അവളുടെ അച്ഛനിലൂടെയും കാണാൻ കഴിഞ്ഞിട്ടുണ്ട്. അതിലും വലിയൊരു സന്തോഷം എന്തെന്നാൽ… അയ്യപ്പന്റെ കഥ പറഞ്ഞ സിനിമയിലൂടെ തന്നെ അവൾ വിജയിച്ചിരിക്കുന്നു.

നക്ഷത്രമോളേ, ഇത് തുടക്കമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ. അച്ഛന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കാൻ കഴിയട്ടെ.


അടുത്തിടെ നിസാം ബഷീർ സംവിധാനംചെയ്ത 'ഐ, നോബഡി'യിൽ പൃഥ്വിരാജിന്റെ മകളായി നക്ഷത്ര അഭിനയിച്ചിരുന്നു. കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ നായകനാകുന്ന ഡാഡ് എന്ന ചിത്രത്തിലും നക്ഷത്ര മുഖ്യവേഷത്തിലുണ്ട്.