നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ മേജര്‍ രവി. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് രവി ഇക്കാര്യം പറഞ്ഞത്. ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റിയെന്ന് കോടതിവിധിയിലൂടെ തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിച്ചത്.

To advertise here,

Also Read: 'അഴിഞ്ഞാട്ടം തുടങ്ങിയാലോ'; ദിലീപ് ചിത്രം ഭ.ഭ.ബ റിലീസ് തിയ്യതി പ്രഖ്യാപിച്ചു, ആവേശമേറ്റാന്‍ മോഹന്‍ലാലും

'ദിലീപ് ഉള്‍പ്പെട്ട, നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. കേസ് കോടതി വിശദമായി പരിശോധിക്കുകയും ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റിയെന്ന് തെളിയിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കി സമൂഹത്തിന് മാതൃക കാണിക്കണം. ദൈവം അനുഗ്രഹിക്കട്ടെ.' -ഇതാണ് മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രവിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റുകളിട്ടത്.

കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ തനിക്കെതിരേ നടന്നത് ഗൂഢാലോചനയാണെന്നായിരുന്നു ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യര്‍ക്കെതിരെ ഒളിയമ്പും ദിലീപ് പ്രയോഗിച്ചു. 'ക്രിമിനല്‍ ഗൂഢാലോചനയുണ്ട് അത് അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്തുനിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിക്കുന്നത്. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് പോലീസ് കള്ളക്കഥ മെനഞ്ഞു. പക്ഷേ, കോടതിയില്‍ പോലീസിന്റെ കള്ളക്കഥ തകര്‍ന്നു. യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. എന്റെ കരിയര്‍, എന്റെ ഇമേജ്, എന്റെ ജീവിതം നശിപ്പിക്കാന്‍വേണ്ടി ചെയ്തത്.' -ഇതായിരുന്നു വിധിക്ക് പിന്നാലെ ദിലീപ് പറഞ്ഞത്.